ഡിജിറ്റൽ സർവേയ്ക്ക് വേണം വേഗം; പൂർത്തിയായത് 28 വില്ലേജുകളിൽ മാത്രം
മലപ്പുറം: ഭൂമി സംബന്ധമായ വിവരങ്ങൾ കൃത്യവും സുതാര്യവുമാക്കുന്ന ഡിജിറ്റൽ ഭൂസർവേ ജില്ലയിൽ പൂർത്തീകരിച്ചത് 28 വില്ലേജുകളിൽ മാത്രം. മൂന്ന് ഘട്ടങ്ങളിലായി 56 വില്ലേജുകൾ ഉൾപ്പെട്ടിട്ടുണ്ട്. നാല് വർഷം മുമ്പ് തുടങ്ങിയ പദ്ധതിക്ക് ജീവനക്കാരുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും അപര്യാപ്തതയാണ് വേഗം കുറയ്ക്കുന്നത്. ഡിജിറ്റൽ സർവേ പൂർത്തിയാവുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട ഒരുകാര്യങ്ങൾക്കും ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ല. റവന്യൂ, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ സംയോജിപ്പിച്ച് ഒറ്റപോർട്ടലിലൂടെ ലഭ്യമാവും. എന്നാൽ ഈ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് എല്ലാ വില്ലേജുകളിലും ഡിജിറ്റൽ സർവേ പൂർത്തികരിക്കണം.
ഒന്നാം ഘട്ടത്തിലെ 18 വില്ലേജുകളിലും സർവേ പൂർത്തിയാക്കിയത് മാത്രമാണ് ആശ്വാസം. രണ്ടാംഘട്ടത്തിലെ 19 വില്ലേജുകളിൽ എട്ടിടങ്ങളിലും പൂർത്തിയായി. കൂടാതെ അരിയല്ലൂർ, തിരൂരങ്ങാടി, പാണക്കാട്, തൃക്കണ്ടിയൂർ, നിറമരുതൂർ, ഈഴവതിരുത്തി, എടക്കര, പയ്യനാട് വില്ലേജുകളിലാണിത്. ആനമങ്ങാട്, എടവണ്ണ, പുറത്തൂർ എന്നിവിടങ്ങളിൽ 95 ശതമാനവും പൂർത്തിയായിട്ടുണ്ട്.
മൂന്നാം ഘട്ടത്തിൽ 19 വില്ലേജുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പെരിന്തൽമണ്ണ, പാതയ്ക്കര വില്ലേജുകളിൽ മാത്രമാണ് ഡിജിറ്റർ സർവേ പൂർത്തീകരിച്ചത്. അരീക്കോട്, നെടിയിരുപ്പ്, കാട്ടിപ്പരുത്തി, കൊടൂർ,നെന്മോനി, പോത്തുകല്ല്, കുറുമ്പലങ്ങോട്, പുലാമന്തോൾ, മാറഞ്ചേരി, വളവന്നൂർ, ചേലേമ്പ്ര, എ.ആർ നഗർ വില്ലേജുകളിൽ നടപടികൾ തുടങ്ങിയിട്ടില്ല. കൂട്ടിലങ്ങാടി, ഒഴൂർ, തവനൂർ, തിരുവാലി, നെടുവ വില്ലേജുകളിൽ സർവേ തുടങ്ങിയിട്ടുണ്ടെങ്കിലും 15 ശതമാനത്തിൽ താഴെയാണ് പൂർത്തീകരിച്ചത്.
ഒന്നാം ഘട്ടത്തിൽ അനന്താവൂർ, ആതവനാട്, ചെറിയമുണ്ടം, കുറുമ്പത്തൂർ, കുറുവമ്പലം, മലപ്പുറം, മംഗലം, മാറക്കര, നടുവട്ടം, നന്നംമുക്ക്, പെരുമണ്ണ, പെരുമ്പടപ്പ്, പൊന്മുണ്ടം, പൊന്നാനി നഗരം, തലക്കാട്, തിരുവാനായ, വെളിയംകോട്, വെട്ടം എന്നീ വില്ലേജുകളിലാണ് സർവേ പൂർത്തീകരിച്ചത്.
സർവേ പൂർത്തിയായ ഇടങ്ങളിൽ രേഖകൾ റവന്യൂ വകുപ്പിന് കൈമാറുന്നനിന് മുന്നോടിയായുള്ള 9(2)നോട്ടിഫിക്കേഷൻ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവേ നടപടികളിൽ ആക്ഷേപമുള്ളവർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള അവസരമാണിത്. തുടർന്ന് സർവേ അതിരടയാള നിയമം അനുസരിച്ചുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും.
രണ്ടാംഘട്ടം
വില്ലേജുകൾ ................... പ്രവൃത്തന പുരോഗതി (ശതമാനം)
വെറ്റിലപ്പാറ .............................. 19.41
പുള്ളിപ്പാടം .................................. 37.84
അകമ്പാടം ................................. 48
ഊർങ്ങാട്ടിരി .............................. 55.53
പെരകമണ്ണ ............................... 74.05
കുറ്റിപ്പുറം .................................. 76.88