'തേനൂലും തെന്മല ' നിലച്ചിട്ട് 4 മാസം, മോഷണം നടന്നിട്ടും അധികൃതർക്ക് കുലുക്കമില്ല

Tuesday 21 October 2025 12:56 AM IST

പുനലൂർ: മൂന്ന് കോടി രൂപ ചെലവഴിച്ച് തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സ്ഥാപിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ നിറുത്തിവെച്ചിട്ട് നാല് മാസമായി. നിസാരമായ സാങ്കേതിക തകരാർ പരിഹരിച്ച് ഷോ പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകാത്തത് ഇക്കോ ടൂറിസം കേന്ദ്രത്തിന് വൻ വരുമാന നഷ്ടം വരുത്തുകയാണ്.

ഓണക്കാലത്തും നിരാശ

ഓണത്തിന് ധാരാളം വിനോദ സഞ്ചാരികൾ തെന്മലയിൽ എത്തിയിരുന്നെങ്കിലും ഇക്കോ ടൂറിസത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ പ്രവർത്തനം നിലച്ചത് സന്ദർശകരെ നിരാശപ്പെടുത്തി. ജൂൺ പകുതിയോടെ പ്രവർത്തനം നിലച്ച ഷോയുടെ തകരാർ പരിഹരിക്കാത്തത് വഴി ഓണക്കാലത്ത് മാത്രം സർക്കാരിന് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. 2019ലാണ് 3 കോടി രൂപയുടെ ഈ പദ്ധതി നടപ്പിലാക്കിയത്.

'മോഷണ പരാതി' മറയാക്കുന്നു

ലൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രവർത്തിക്കുന്ന സ്ഥലത്ത് സെപ്റ്റംബർ പകുതിയോടെ മോഷണം നടന്നതായി പൊലീസിൽ പരാതി നൽകിയിരുന്നു. കമ്പ്യൂട്ടർ, സൗണ്ട് ഡിവൈസ് എന്നിവ മോഷണം പോയെന്നും 1.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് പരാതി. തുടർന്ന് വിരലടയാള വിദഗ്ധർ പരിശോധനകൾ നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. സ്ഥലത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടില്ല. മോഷണം നടന്നതായി പരാതിപ്പെട്ടിട്ടും ഒരു മാസമായിട്ടും കാമറകൾ സ്ഥാപിക്കാനുളള നടപടിയും അധികൃതർ കൈക്കൊണ്ടിട്ടില്ല. ഷോ പുനരാരംഭിക്കാത്തതിലെ സർക്കാരിന്റെയോ ടൂറിസം വകുപ്പിന്റെയോ നടപടികൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ 'മോഷണ പരാതി' മറയാക്കുകയാണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. പ്രതികളെ പിടികൂടാനോ മോഷണമുതൽ കണ്ടെടുക്കാനോ പൊലീസിന് കഴിയാത്തതും കേസ് സംബന്ധിച്ച് തുടരന്വേഷണമില്ലാത്തതും മോഷണം വ്യാജ പരാതിയാണോ എന്ന സംശയത്തിന് വഴിവെക്കുന്നു.

മോഷണം നടന്നതായി പരാതിപ്പെട്ടിട്ടും ഒരു മാസമായിട്ടും കാമറകൾ സ്ഥാപിക്കാനുളള നടപടിയും അധികൃതർ കൈക്കൊണ്ടിട്ടില്ല. ഈ വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയും അടിയന്തരമായി ഇടപെടണം.

നാട്ടുകാർ