വീടിനു ചുറ്റും കാട് പുറത്തിറങ്ങാൻ കഴിയാതെ ആദിവാസികൾ

Tuesday 21 October 2025 12:01 AM IST

കാളികാവ്: ചോക്കാട് 40 സെന്റ് ആദിവാസി നഗറിൽ ജനവാസകേന്ദ്രത്തോട് ചേർന്ന ഭൂമി കാടുമൂടിക്കിടക്കുന്നത് സുരക്ഷാഭീഷണിയുയർത്തുന്നു. ഇവിടം വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി.

ആദിവാസികൾക്കുള്ള വികസനപദ്ധതികളുടെ ഭാഗമായി ഐ.ടി.ഡി.പിയുടെ കീഴിലുള്ള സൊസൈറ്റിയുടെ നേതൃത്വത്തിൽ അമ്പതോളം ഏക്കറിൽ റബർ കൃഷി നടത്തിയിരുന്നു. പിന്നീട് ഇവിടത്തെ റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി. ഈ ഭാഗത്താണ് ഇപ്പോൾ കാടു മൂടിയിരിക്കുന്നത്. ഇതോടെ ആനകളും പുലിയും കടുവകളും ഇവിടങ്ങളിൽ തമ്പടിക്കുന്നുണ്ട്.

ജനങ്ങൾക്ക് ഭീഷണിയായ അടിക്കാട് വെട്ടിത്തെളിക്കണമെന്ന് പല പ്രാവശ്യം അധികൃതരോട് ആവശ്യപ്പെട്ടതാണ്.

രാത്രി പുറത്തിറങ്ങാൻ പേടി

ചോക്കാട് 40 സെന്റ് ആദിവാസി നഗറിലെ ജനങ്ങൾക്ക് സസന്ധ്യയായാൽ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുളളത്. നൂറോളം വീടുകളാണ് ഈ നഗറിലുള്ളത്.

തെരുവു വിളക്കുകളൊന്നും ഇവിടെയില്ല .രാത്രിയായാൽ കാട്ടാനകൾ വീട്ടുമുറ്റത്ത് വരെ എത്താറുണ്ട്.സൊസൈറ്റി ഭാരവാഹികളേയും ഐ ടി ഡി പി അധികൃതരേയും വാർഡ് മെമ്പർ കെ. ഷാഹിനാ ബാനുവിന്റെ നേതൃത്വത്തിൽ പ്രദേശ വാസികൾ സമീപിച്ചെങ്കിലും കാട് വെട്ടുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല.