അടച്ചിട്ട അമ്മത്തൊട്ടിലിന് സമീപം നവജാത ശിശുവിനെ കണ്ടെത്തി
കൊച്ചി: അടച്ചിട്ടിരിക്കുന്ന അമ്മത്തൊട്ടിലിന് സമീപം നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള അമ്മത്തൊട്ടിലിന് സമീപം ഇന്നലെ രാവിലെ 6.30ഓടെയാണ് ആൺകുഞ്ഞിനെ കണ്ടത്.
പ്രസവിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ അമ്മത്തൊട്ടിലിന് മുന്നിലെ നടപ്പാതയിൽ മുഷിഞ്ഞ വസ്ത്രത്തിൽ പൊതിഞ്ഞാണ് വച്ചിരുന്നത്.
ആശുപത്രി സെക്യുരിറ്റി ജീവനക്കാരാണ് സൂപ്രണ്ടിനെ അറിയിച്ചത്. ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 2.60 കിലോ ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. ആർ. ഷഹീർ ഷാ പറഞ്ഞു. കുഞ്ഞിന് മുലപ്പാൽ ബാങ്കിൽ നിന്ന് പാൽ നൽകി.
പൂർണ ആരോഗ്യവാനായശേഷം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുക്കുമെന്ന് ചെയർ പേഴ്സൺ വിൻസെന്റ് ജോസഫ് അറിയിച്ചു. പിന്നീട് ദത്ത് നൽകാൻ അംഗീകാരമുള്ള സ്ഥാപനത്തിന് കൈമാറും.
അമ്മത്തൊട്ടിൽ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്നതിനാൽ പരിസര നിരീക്ഷണത്തിന് രണ്ട് സുരക്ഷാജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ കൃത്യമായി പരിശോധന നടത്തി വിവരം സൂപ്രണ്ടിനെ അറിയിക്കുകയാണ് പതിവ്.