കേരഫെഡ് വെളിച്ചെണ്ണയുടെ വില തെറ്റി,ജീവനക്കാരെ മാറ്റി
തിരുവനന്തപുരം: കേരഫെഡിന്റെ കരുനാഗപ്പള്ളിയിലെ വെളിച്ചെണ്ണ നിർമ്മാണ പ്ലാന്റിൽ ഒരു ലിറ്റർ പൗച്ചുകളിൽ പഴയ ബാച്ച് നമ്പറും എം.ആർ.പിയും അച്ചടിച്ചതിന് കുറ്റക്കാർക്കെതിരെ നടപടി .ഉത്തരവാദികളായ നാല് ജീവനക്കാരെ പ്ലാന്റിലെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റാൻ മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ ഉത്തരവിട്ടു. എസ്.ഗോപകുമാർ, കെ.ജയപ്രകാശ്, എസ്.പ്രമോദ്, വൈ.നിസാർ കുട്ടി എന്നിവർക്കെതിരെയാണ് നടപടി. ഇവരിൽ ചിലർ 15 വർഷത്തിലേറെക്കാലമായി അതേ സെക്ഷനിൽ ജോലി ചെയ്യുകയായിരുന്നു. ചിലർ യൂണിയൻ ഭാരവാഹികളായതിനാൽ രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും കുറ്റക്കാരെ മാറ്റാൻ എം.ഡി നിർദേശിക്കുകയായിരുന്നു. സെപ്തംബർ 29 ന് മെഷീൻ ട്രയൽ റണ്ണിനിടെ ടെസ്റ്റ് പ്രിന്റ് ചെയ്ത ഫിലിം റോൾ ഉപയോഗിച്ചതാണ് പിഴവിന് കാരണമെന്നാണ് അന്വേഷണ റിപ്പോർട്ട്.
ഇത്തരം പിഴവുകൾ ഒഴിവാക്കാൻ കർശന പരിശോധനയും സെക്ഷനുകൾ തമ്മിലുള്ള ഏകോപനവും ശക്തമാക്കിയതായി പ്ലാന്റ് അധികൃതർ അറിയിച്ചു.