10 വർഷം : ശിവൻ വീട്ടിലെത്തിച്ചത് 400 അന്യസംസ്ഥാനക്കാരെ
കോഴിക്കോട്: 10 വർഷം മുമ്പ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ.രാജേന്ദ്രന്റെ ഫോൺകാൾ ശിവനെ തേടിയെത്തി. പെട്ടെന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെത്തണം. അവിടെയെത്തുമ്പോൾ 16 വയസുള്ള ഒരാൺകുട്ടി ഭയന്നുവിറച്ച് ഭിത്തിയോട് ചേർന്നു നിൽക്കുന്നതാണ് ശിവൻ കണ്ടത്. കുട്ടി പേടിച്ച് കരയുകയല്ലാതെ മറുപടിയില്ല. കുട്ടിയുടെ അടുത്തേക്ക‌് ചെന്ന് ശിവൻ ഹിന്ദിയിൽ വിവരങ്ങൾ തിരക്കി, മറുപടിയില്ല. മറാത്തിയിലും ഭോജ്പുരിയിലും ചോദ്യം ആവർത്തിച്ചു. എന്നാൽ ബംഗാളിയിൽ ശിവൻ പേര് ചോദിച്ചപ്പോൾ കുട്ടിയുടെ കണ്ണിൽ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. ഒടുവിൽ മുർഷിദാബാദിനടുത്താണ് കുട്ടിയുടെ സ്ഥലമെന്ന് മനസിലാക്കുകയും മുർഷിദാബാദ് എസ്.എച്ച്.ഒയെ ശിവൻ ബന്ധപ്പെടുകയും ചെയ്തു. രാത്രിയിൽ മുർഷിദാബാദിൽ നിന്ന് കുട്ടിയുടെ അച്ഛന്റെ വിളി ഫോണിലേക്കെത്തി, ''ആപ്പ് ഭഗവാൻ ഹെ സാബ്" എന്നായിരുന്നു ആ പിതാവ് കരഞ്ഞുകൊണ്ട് പറഞ്ഞത്. രണ്ട് മാസം മുമ്പ് കൂട്ടുകാരനൊപ്പം ഉത്സവം കാണാൻ പോയ മകൻ തിരക്കിൽപ്പെട്ട് ഏതോ ട്രെയിനിൽ കയറി കോഴിക്കോട് എത്തിപ്പെടുകയായിരുന്നു.
2015ലാണ് അന്നത്തെ ജില്ലാ കളക്ടർ എൻ.പ്രശാന്തിന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിട്ട. ഓഫീസറായ എം.ശിവൻ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്യസംസ്ഥാനക്കാരായ അന്തേവാസികളെ വീട്ടിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്. ഇന്ത്യയിൽ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും 36 വർഷം ജോലി ചെയ്യുകയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ശിവന്റെ ബന്ധങ്ങൾ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. പത്തുവർഷത്തിനിടയിൽ ശിവൻ വീട്ടിലെത്തിച്ച അന്യസംസ്ഥാനക്കാരുടെ എണ്ണം നാനൂറ് കവിഞ്ഞിരിക്കുകയാണ്.
കുതിരവട്ടം ശിവന് പുതിയൊരു ലോകമായിരുന്നു. ചിലർ ഒന്നും മിണ്ടാറില്ല, ചിലർ പരസ്പരം ബന്ധമില്ലാതെ സംസാരിക്കും. ചിലർ പൊട്ടിത്തെറിക്കും, കരയും ചിരിക്കും. എങ്കിലും ക്ഷമയോടെ ദിവസങ്ങളോളവും മാസങ്ങളോളവും വർഷങ്ങളോളവും ചോദിച്ചാണ് ശിവൻ പല ഉത്തരങ്ങളും കണ്ടെത്തിയത്. ആ ഉത്തരങ്ങളായിരുന്നു അവരുടെ വീട്ടിലേക്കുള്ള വഴിയും.
കോഴിക്കോട് കോട്ടൂളി സ്വദേശിയായ ശിവന്റെ ഭാര്യ കോമളവല്ലി. രണ്ട് മക്കളുണ്ട്. മകൻ ദിലീപ് കുമാർ മർച്ചന്റ് നേവി ക്യാപ്റ്റനാണ്. മകൾ ദീപ എം.എസ്.സി നഴ്സിംഗ് കഴിഞ്ഞു.