റാങ്ക്ലിസ്റ്റിലുള്ളവരെ പരിഗണിക്കാതെ ശ്രീചിത്രയിൽ പിൻവാതിൽ നിയമനം
തിരുവനന്തപുരം: കേന്ദ്രസർക്കാരിന് കീഴിലുള്ള തലസ്ഥാനത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ റാങ്ക് ലിസ്റ്റ് നിലനിൽക്കേ പിൻവാതിലിലൂടെ നിയമനം നടത്തിയതായി പരാതി. നഴ്സിംഗ് ഓഫീസർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് അവഗണിച്ചെന്നാണ് ആക്ഷേപം. ഇതിനെതിരെ റാങ്ക് ലിസ്റ്റിലുള്ളവർ നിയമപോരാട്ടം ശക്തമാക്കുന്നു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള കേസിൽ നാളെ വിശദമായ വാദം നടക്കും.
സ്വകാര്യ ഏജൻസികളിൽ നിന്നും ശ്രീചിത്രയിൽ ജോലി ചെയ്യുന്നവർക്കു വേണ്ടപ്പെട്ടവരെയും നഴ്സുമാരായി തിരികിക്കയറ്റിയെന്നാണ് പ്രധാന പരാതി. പുതിയ കെട്ടിടം നിർമ്മിച്ചെങ്കിലും അതിലേക്ക് പുതിയ റാങ്കു ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയില്ല. ഈ വർഷം ഫെബ്രുവരി ആറിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവാസാനിച്ചു. അതിനുശേഷമാണ് ശ്രീചിത്ര അധികൃതർ പുതിയ കെട്ടിടത്തിന് 107 നഴ്സിംഗ് തസ്തിക അനുവദിച്ചത്. റാങ്ക് ലിസ്റ്റ് നിലനിൽക്കെ പുതിയ തസ്തിക അനുവദിച്ചാൽ ലിസ്റ്റിലുള്ളവരെ നിയമിക്കേണ്ടിവരുമെന്നതിനാൽ ബോധപൂർവം ഫയൽ നീക്കം മരവിപ്പിച്ചെന്നാണ് കരുതുന്നത്. 531 നഴ്സുമാരാണ് നിയമപോരാട്ടം നടത്തുന്നത്.
റാങ്ക് ലിസ്റ്റ് നിയമനം 59 മാത്രം
2022 മാർച്ച് 23നാണ് നഴ്സിംഗ് ഓഫീസർ എ തസ്തികയിലേക്ക് വിജ്ഞാപനമിറങ്ങിയത്. എഴുത്തുപരീക്ഷയും സ്‌കിൽ ടെസ്റ്റും പാസായ 590പേരുടെ റാങ്ക് ലിസ്റ്റ് 2023 ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ചു. രണ്ടു വർഷത്തിടെ നിയമിച്ചത് 59പേരെ മാത്രം. ഇതിനുമുമ്പ് 2010ലാണ് നഴ്സിംഗ് ഓഫീസർ പരീക്ഷ നടന്നത്. റാങ്ക് ലിസ്റ്റിലെ ബഹുഭൂരിപക്ഷത്തിനും നിയമനം നൽകി. അന്നത്തെ ഗവേണിംഗ് ബോഡി ഇതിനായി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷത്തേക്കു നീട്ടിയിരുന്നു.