ഇനി കിടക്കകളുടെ എണ്ണം നോക്കേണ്ട; സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർക്ക് ഷിഫ്റ്റിൽ മാറ്റം വരുത്തി ഉത്തരവ്

Tuesday 21 October 2025 9:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്‌‌സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഷിഫ്‌റ്റ് സമ്പ്രദായത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്. കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും ജീവനക്കാർക്ക് 6-6-12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നാണ് സർക്കാരിന്റെ ഉത്തരവ്. നേരത്തെ 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്പ്രദായം ഉണ്ടായിരുന്നത്.

പുതിയ ഉത്തരവ് പ്രാബല്യത്തിലെത്തുന്നതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് ആയിരിക്കും ഉണ്ടാവുക. അധികം സമയം ജോലി ചെയ്താൽ ഓവർടൈം അലവൻസും നൽകണം. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും പുതിയ നിർദേശം ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.