'കമ്മ്യൂണിസം വീടിന് പുറത്തുമതി'; മുസ്ലീം യുവാവിനെ പ്രണയിച്ചതിന് മകളെ വീട്ടുതടങ്കലിലാക്കി, സിപിഎം നേതാവിനെതിരെ പരാതി

Tuesday 21 October 2025 12:38 PM IST

കാസർകോട്: സിപിഎം നേതാവിനെതിരെ ഗുരുതര ആരോപണവുമായി മകൾ. കാസർകോട് ഉദുമയിലാണ് സംഭവം. ഉദുമ ഏരിയ കമ്മിറ്റി അംഗം പിവി ഭാസ്‌കരന്റെ മകൾ സംഗീതയാണ് പിതാവിനും കുടുംബത്തിനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതോടെയാണ് പീഡനം ആരംഭിച്ചതെന്നും സംഗീത പുറത്തുവിട്ട വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ തന്റെ അവസാനത്തെ പ്രതീക്ഷയാണെന്നും യുവതി പറഞ്ഞു.

വിവാഹമോചിതയായ സംഗീത വാഹനാപകടത്തിൽ പരിക്കേറ്റ് അരയ്‌ക്ക് താഴെ തളർന്ന അവസ്ഥയിലാണ്. വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്ന തനിക്ക് ചികിത്സ നിഷേധിച്ചുവെന്നും സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബം ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. വിവാഹമോചനശേഷം ലഭിച്ച തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കിയെന്നും സംഗീത പറഞ്ഞു. മുസ്ലീം സമുദായത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നും അവർ വ്യക്തമാക്കി.

'കമ്മ്യൂണിസം വീടിന് പുറത്തുമതി, വീടിനകത്ത് അതൊന്നും നടക്കില്ല. പറയുന്നത് അനുസരിച്ചില്ലെങ്കിൽ കൊല്ലും. കേസിൽ നിന്നെല്ലാം സുഖമായി ഊരിപ്പോകാനുള്ള കഴിവ് എനിക്കുണ്ട്' , എന്ന് പറഞ്ഞ് പിതാവ് എപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെന്നും സംഗീത വെളിപ്പെടുത്തി. തന്റെ അവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ദിവസം എസ്‌പിക്കും കളക്‌ടർക്കും പരാതി നൽകിയിരുന്നു. എന്നാൽ, യുവതിയുടെ പരാതിയിൽ പൊലീസ് ഇതുവരെ ഔദ്യോഗികമായ നടപടി സ്വീകരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് സഹായം അഭ്യർത്ഥിച്ച് യുവതി വീഡിയോ പുറത്തുവിട്ടത്.