സംസ്ഥാനത്ത് മഴ ശക്തമാകുന്നു; മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ചും

Tuesday 21 October 2025 1:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് റെഡ് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുകയാണ്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 36 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് അറിയിപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഒക്‌ടോബ‌ർ 24 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ, തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശമുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഒക്‌ടോബർ 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.