വിവാഹം മുടങ്ങിയതിന് പിന്നാലെ യുവതി വരന് നൽകിയ മുട്ടൻ പണി,​ മുൻ കാമുകന്റെ ജീവിതം ദുരിതത്തിലായത് എട്ട് വർഷം

Tuesday 21 October 2025 2:27 PM IST

വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ. ഭാര്യാഭർത്താക്കന്മാർ സത്യസന്ധത പാലിക്കുമ്പോൾ മാത്രമേ ആ ബന്ധം ഒരു ആയുസ് മുഴുവൻ നിലനിൽക്കുകയുള്ളൂ. എന്നാൽ ചെറിയൊരു വഞ്ചന മതി എല്ലാം തകരാൻ. അത്തരത്തിലൊരു സംഭവം ഒരു യുവതിയുടെ ജീവിതത്തിലും ഉണ്ടായി. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വിവാഹത്തിന് തൊട്ടുമുമ്പാണ് തന്റെ പ്രതിശ്രുത വരൻ കഴിഞ്ഞ ആറു മാസമായി മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നുവെന്ന് യുവതി കണ്ടെത്തുന്നത്. ഇയാൾ ആ സ്ത്രീയുമായി പ്രണയത്തിലായിരുന്നെന്ന് മാത്രമല്ല ഒരുമിച്ച് രാത്രികൾ ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ ഉടൻ യുവതി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

എന്നാൽ അതിനുശേഷം യുവതി ചെയ്ത കാര്യമാണ് മുൻ കാമുകൻ ഒരിക്കലും പ്രതീക്ഷിക്കാത്തത്. യുവതിയുടെ പ്രതികാരത്തിൽ മുൻ കാമുകന്റെ ജീവിതം എട്ട് വർഷത്തോളമാണ് ദുരിതത്തിലായത്. ക്ഷമയും കൃത്യമായ ആസൂത്രണവും ആവശ്യമുള്ള യുവതിയുടെ പ്രതികാരം അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രമാണ്. 'ഇറ്റ്സ് എ ഗേൾ തിംഗ്' എന്ന പോഡ്‌കാസ്റ്റിലാണ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ യുവതി സ്വന്തം അനുഭവം പങ്കുവച്ചത്.

വിവാഹം മുടങ്ങിയ ശേഷം തന്ത്രപരവും എന്നാൽ തുടർച്ചയായതുമായ പ്രതികാരമാണ് യുവതി തിരഞ്ഞെടുത്തത്. ശല്യപ്പെടുത്തുന്നതോ അല്ലെങ്കിൽ സ്ഥിരമായി വിളിക്കുന്നതോ ആയ ആരെങ്കിലും തന്റെ നമ്പർ ചോദിക്കുമ്പോൾ യുവതി അവർക്ക് നൽകിയിരുന്നത് തന്റെ മുൻ കാമുകന്റെ നമ്പറായിരുന്നു.

ഇതിനു പിന്നാലെ നിരന്തരമായ അനാവശ്യ കോളുകളും സന്ദേശങ്ങളുമാണ് അയാളെത്തേടിയെത്തിയത്. എട്ട് വർഷത്തിനിടെ അയാൾക്ക് രണ്ടുതവണയാണ് നമ്പർ മാറ്റേണ്ടി വന്നത്. ഓരോ തവണ നമ്പർ മാറ്റുമ്പോഴും, അയാളുടെ സ്വന്തം സഹോദരി രഹസ്യമായി പുതിയ നമ്പർ യുവതിക്ക് കൈമാറി. അങ്ങനെ പ്രതികാരം തുടർന്നുകൊണ്ടേയിരുന്നു.

എട്ട് വർഷങ്ങൾക്കിപ്പുറവും തനിക്കെതിരെ നടക്കുന്ന ഈ ഒളിയമ്പ് മുൻ കാമുകൻ അറിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന വസ്തുത. യുവതിയുടെ പ്രതികാര കഥ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയും യുവതിയുടെ നീക്കത്തെ പലരും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

വേറിട്ട രീതിയിൽ സ്ത്രീകൾ തങ്ങളുടെ പ്രതികാരം ചെയ്തതിന് മറ്റൊരു ഉദാഹരണം കൂടിയുണ്ട്. ബ്ല‌‌‌ഡ് ക്യാൻസറിനെതിരെ പോരാടി ചികിത്സയിൽ കഴിയുമ്പോഴാണ് തന്റെ ഭർത്താവ് അവിഹിത ബന്ധത്തിലാണെന്ന് ഒരു യുവതി തിരിച്ചറിഞ്ഞത്. രോഗം ഭേദമായ ശേഷം യുവതി ഭർത്താവുമായി വിവാഹബന്ധം വേർപെടുത്തി. എന്നാൽ ഇതിന് മറുപടിയായി യുവതി ചെയ്ത പ്രതികാരം ശ്രദ്ധേയമായത്. ഭർത്താവിന് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലാണ് അവർ പ്രതികാരം ചെയ്തത്.

സൈക്കിൾ യാത്ര വളരെ ഇഷ്ടമുള്ളയാളായിരുന്നു മുൻ ഭർത്താവ്. സൈക്കിളിംഗ് ഷോർട്ട്‌സിനുള്ളിൽ അയാൾ അടിവസ്ത്രം ധരിക്കാറില്ലായിരുന്നു എന്ന കാര്യം യുവതിക്ക് അറിയാമായിരുന്നു. ഈ അറിവ് വച്ച് അയാളുടെ സൈക്കിളിംഗ് ഷോർട്ടുസുകളിൽ എരിവുള്ള മുളക് അരച്ചുപുരട്ടി. കഴിഞ്ഞില്ല അതുകൊണ്ട് മാത്രം യുവതി തൃപ്തയായില്ല. ടോയ്‌ലറ്റിൽ മൂത്രമൊഴിച്ച ശേഷം അയാളുടെ ടൂത്ത് ബ്രഷ് അതിൽ മുക്കുകയും ചെയ്തിരുന്നു. എല്ലാ ദിവസവും യുവതിയുടെ നിശബ്ദമായ പ്രതികാരത്തിന്റെ ഡോസ് രാവിലെ മുതൽ ഭർത്താവിന് ഉറപ്പാക്കുകയും ചെയ്തു.