അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേശിനി
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസായിരുന്നു. ഈ മാസം 16നായിരുന്നു വയോധികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല. ഇന്ന് രാവിലെ ആരോഗ്യപ്രവർത്തകർ വയോധികയുടെ പോത്തൻകോടുള്ള വീട്ടിലെത്തി പരിശോധനകൾ നടത്തി. വെള്ളത്തിന്റെ സാമ്പിളുകളടക്കം ശേഖരിച്ചു.
കഴിഞ്ഞ വർഷം 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം ഇതുവരെ മാത്രം 41 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമാകെ റിപ്പോർട്ട് ചെയ്തതിനെക്കാൾ കേസുകൾ ഒരൊറ്റ മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.
മൂക്കിനെയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗമുണ്ടാക്കുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.