തിരുവനന്തപുരത്തെ ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്; തല്ലുണ്ടാക്കിയവരിൽ ലഹരി - കൊലപാതക കേസ് പ്രതികളും
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്. രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു പാളയം സൗത്ത് പാർക്ക് ഹോട്ടലിൽ സംഘർഷം. ലഹരി, കൊലപാതക കേസിലെ പ്രതികളും ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നു.
ഹോട്ടലിലെ അടിപിടിക്ക് ശേഷം ചേരിതിരിഞ്ഞ് റോഡിലും തല്ലുണ്ടായി. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയ കേസെടുക്കും. പാളയം സൗത്ത് പാർക്ക് ഹോട്ടലിനും പൊലീസ് നോട്ടീസ് നൽകി. ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതിനെ തുടർന്ന് തല്ലുണ്ടായ സാഹചര്യത്തിലാണ് പൊലീസ് ഹോട്ടലിന് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്.
ഡിജെ പാർട്ടി സംഘടിപ്പിച്ച ഹാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. സംഘാടകരുടെ വിവരങ്ങളും പൊലീസിന് കൈമാറിയിരുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അടിപിടിയിൽ പരിക്കേറ്റ ഒരാള്‍ ആദ്യം പൊലീസിൽ പരാതി പറഞ്ഞെങ്കിലും പിന്നീട് പിൻവലിക്കുകയും ചെയ്തു.