കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്തു; വനിതാ നേതാവ് മാപ്പപേക്ഷ എഴുതിനൽകും
Tuesday 21 October 2025 5:16 PM IST
കണ്ണൂർ: കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് മാപ്പപേക്ഷ എഴുതി നൽകും. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെ പി ജ്യോതിയാണ് പ്രതികളുടെ ഫോട്ടോയെടുത്തത്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം.
ധനരാജ് വധക്കേസിൽ സാക്ഷി വിസ്താരത്തിനിടെയാണ് ജ്യോതി പ്രതികളുടെ ചിത്രം പകർത്തിയത്. ഇതിനിടെ ജഡ്‌ജി ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അധികാരത്തിന്റെ ധാർഷ്ട്യം വേണ്ടെന്ന് താക്കീത് നൽകി. അഞ്ച് മണിവരെ കോടതിയിൽ നിൽക്കാനും നിർദേശം നൽകിയിരുന്നു. ഇതുകൂടാതെ ആയിരം രൂപ പിഴയും അടയ്ക്കണം. 2016 ജൂലായ് പതിനൊന്നിനാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സിവി ധനരാജ് കൊല്ലപ്പെട്ടത്.