ട്രാക്കോ കേബിൾ വി​സ്മൃതി​യി​ലേക്ക്....

Wednesday 22 October 2025 12:25 AM IST

ഇൻഫോ പാർക്കി​ന് കൈമാറ്റം 200 കോടിക്ക്

 ജീവനക്കാരും ഹാപ്പി​

കൊച്ചി: ഇൻഫോപാർക്ക് വികസനത്തിന്റെ നാലാം ഘട്ടത്തിനായി വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ഇരുമ്പനത്തെ 33.5 ഏക്കർ ഭൂമി ഇൻഫോപാർക്കിന് കൈമാറുന്ന നടപടികൾ അതിവേഗം നടപ്പാക്കാൻ സർക്കാർ. ലാൻഡ് പൂളിംഗ് മുഖേന വിഭാവനം ചെയ്തിട്ടുള്ള ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനത്തിന് ശേഷം ഏറ്റെടുക്കുന്ന ഫേസ് നാലിനാണ് ഭൂമി കൈമാറുക. 200 കോടി മുടക്കിലാകും ഭൂമി കൈമാറ്റം. ഇതോടെ കണ്ണൂർ, തിരുവല്ല എന്നിവിടങ്ങളിലെ യൂണിറ്റുകളിലുള്ള ജീവനക്കാരുടെ ശമ്പള പ്രശ്‌നങ്ങൾ എത്രയും വേഗം അവസാനിക്കും. ഒന്നര വർഷത്തിലേറെയായി ജീവനക്കാരുടെ ശമ്പളം പലവട്ടം മുടങ്ങിയിരുന്നു. ജീവനക്കാരൻ ആത്മഹത്യ ചെയ്യുന്നതിലേക്ക് വരെയെത്തിരുന്നു.

 വി.ആർ.എസ്. സാദ്ധ്യത ബാദ്ധ്യതകൾ ഏറെയുള്ള ട്രാക്കോ കേബിളിലെ സർവീസ് തീരാറായ ജീവനക്കാർക്ക് വി.ആർ.എസ്. (വോളന്ററി റിട്ടയർമെന്റ് സ്‌കീം) ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നതായി ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ ജോലി ചെയ്യുന്ന മറ്റാർക്കും ജോലി നഷ്ടപ്പെടില്ല. ഇതിനിടെ കമ്പനിയുടെ ഇരുമ്പനം, തിരുവല്ല യൂണിറ്റുകൾ ലയിപ്പിക്കുന്നതിന് ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചിരുന്നു.

ഉന്നതതല സമിതി ഭൂമി കൈമാറ്റം സംബന്ധിച്ച വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകുന്നതിനായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി. വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി, ഇൻഫോപാർക്ക് സി.ഇ.ഒ., ട്രാക്കോ കേബിൾ കമ്പനി എം.ഡി. എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിക്ക് നേരത്തെ രൂപം നൽകിയിരുന്നു. ഭൂമി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക ട്രാക്കോ കേബിളിന്റെ ഭാവി വികസനത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി പി. രാജീവ് മുമ്പ് വ്യക്തമാക്കിയിരുന്നു.

ട്രാക്കോ കേബിൾ ബാദ്ധ്യത----- 245 കോടിയിലേറെ

പവർ ഫിനാൻസ് കോർപ്പറേഷൻ നേരത്തെ നൽകിയ വായ്പ----- 89 കോടി

ഇരുമ്പനം യൂണിറ്റ് ---- 35 ഏക്കർ

ട്രാക്കോ കേബിൾ സ്ഥാപിതം---- 1964ൽ

ഉത്പാദനം---- വയറിംഗ് കേബിൾ, വിവിധതരം കണ്ടക്ടറുകൾ എന്നിവ

ജീവനക്കാർ: ഇരുമ്പനം----- 100, ആകെ----300

യൂണിറ്റുകൾ---- ഇരുമ്പനം, കണ്ണൂർ, തിരുവല്ല