മഴയും കാറ്റും ശക്തിപ്പെടുന്നു, റെഡ് അലർട്ട് മുന്നറിയിപ്പ്, ഈ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മഴയും ശക്തമായ കാറ്റും ഉള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ മൂന്ന് ജില്ലകളിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കളക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇടുക്കി ജില്ലയിൽ അവധി പ്രഖ്യാപിച്ചത്.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധിമൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണലൈൻ ക്ലാസുകൾ ഉൾപ്പെടുത്തി ക്രമീകരിക്കാൻ അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കാസർകോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളത്.
പ്രഫഷണൽ കോളേജുകളടമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പാലക്കാട് ജില്ലയിൽ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെസിഡൻസി സ്‌കൂളുകൾ, കോളേജുകൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയ്‌ക്ക് അവധി ബാധകമല്ല. മലപ്പുറം ജില്ലയിലും പ്രഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്‌ക്കും അവധിയാണ്.