പി.ജെ. വർഗീസ് ആലുവയിൽ നിന്നുള്ള ആദ്യ സന്തോഷ് ട്രോഫി താരം

Tuesday 21 October 2025 8:05 PM IST

ആലുവ: ഇന്ത്യൻ ഫുട്ബാളിന് ആലുവയുടെ ആദ്യ സംഭാവനയായിരുന്നു ഇന്നലെ അന്തരിച്ച ആലുവ പാട്ടത്തിൽ പി.ജെ. വർഗീസ്. ആലുവയിൽ നിന്ന് ആദ്യമായി സന്തോഷ് ട്രോഫി ടീമിൽ ഇടം ലഭിച്ച കളിക്കാരൻ.

1971ലാണ് ആദ്യമായി സന്തോഷ് ട്രോഫിക്കായി പി.ജെ. വർഗീസ് ജഴ്‌സിയണിയുന്നത്. മദ്രാസിൽ നടന്ന മത്സരത്തിൽ ക്വാർട്ടർ ഫൈനലിൽ ടീം പുറത്തായി. പിന്നീട് ആലുവയിൽ നിന്ന് സന്തോഷ് ട്രോഫിയിൽ കളിച്ച പി.പി. പൗലോസ്, എം.എം. ജേക്കബ്, തമ്പി കലമണ്ണിൽ, എൻ.ജെ. ജേക്കബ്, എം.എം. പൗലോസ്, ടി.ഡി. ജോയി, കെ.പി. പൗലോസ്, ഷാജി കുര്യാക്കോസ്, പി.ആർ. ഹർഷൻ എന്നിവരെല്ലാം പി.ജെ. വർഗീസിന്റെ ശിഷ്യന്മാരായിരുന്നു.

സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചാണ് ഫുട്ബാൾ മേഖലയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് മുനിസിപ്പൽ സ്‌പോർട്ട്‌സ് ക്ലബിൽ അംഗമായി.

 ഫാക്ട് ടീമിന്റെ ജഴ്സിയിലും തിളങ്ങി

1970ൽ ഫാക്ട് ജോലിക്കാരനായപ്പോൾ ഫാക്ട് ഫുട്ബാൾ ടീമിലെ നിറസാന്നിദ്ധ്യമായി. ഒളിമ്പ്യൻ സുന്ദർരാജിന്റെ കീഴിലായിരുന്നു പരിശീലനം. അഖിലേന്ത്യ തലത്തിൽ നിരവധി ടൂർണമെന്റുകളിൽ ഫാക്ടിനായി ജഴ്‌സിയണിഞ്ഞു. ഫാക്ടിൽ നിന്നും വിരമിച്ച ശേഷം ആലുവ ഫുട്ബാൾ അക്കാഡമിയുടെ മുഖ്യപരിശീലകനായി. നൂറുകണക്കിന് കുട്ടികളാണ് പി.ജെ. വർഗീസിൽ നിന്നും പരിശീലനം നേടിയത്.

 ഫുട്ബാളിനായി ജീവിതം

ആലുവ മാർ അത്തനേഷ്യസ് ട്രോഫി അഖിലേന്ത്യ ഇന്റർ സ്‌കൂൾ ഫുട്ബാൾ ടൂർണമെന്റിന്റെയും മുഖ്യസംഘാടകനായിരുന്നു. ഫുട്ബാൾ കളിക്കും പരിശീലനത്തിനുമായി ജീവിതം മാറ്റി വച്ച പി.ജെ. വർഗീസിന് നിരവധി പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു. മുൻ രാഷ്ട്രപതി മുതൽ പ്രധാനമന്ത്രി വരെ സൗഹൃദമുള്ളവരുടെ പട്ടികയിലുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെയാണ് മരണം. നിരവധി പേർ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാനെത്തി.