കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്ക്
പറവൂർ: നിറുത്തിയിട്ടിരുന്ന ബസിനെ മറികടക്കുന്നിതിനിടെ എതിരെ വന്ന കാറിൽ ബൈക്കിടിച്ച് യാത്രക്കാരായ യുവതിക്കും യുവാവിനും പരിക്കേറ്റു. ഇരിങ്ങാലക്കുട സ്വദേശി സുധീപ്, കൊടുങ്ങല്ലൂർ സ്വദേശി ഗോപിക എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 6.45ന് ദേശീയപാത 66ൽ പറവൂർ നഗരത്തിലെ കെ.എം.കെ. ജംഗ്ഷനും തെക്കേനാലുവഴിക്കും ഇടയിലാണ് അപകടം. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് യാത്രക്കാരെ കയറ്റാൻ സ്വകാര്യ ബസ് നിറുത്തിയത്. ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ എതിരെവന്ന കാറിൽ ഇടിച്ച് ബസിന് അടിയിലേക്ക് പോയി. നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ബൈക്ക് യാത്രികരായ സുധീപിനെയും ഗോപികയെയും ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപികയ്ക്ക് കാലിനും സുധീപിന് തലയ്ക്കും പരിക്കേറ്റു. ഇവരെ പിന്നീട് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് ജോലിക്ക് പോകുകയായിരുന്നു ഇവർ. കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കുകളുണ്ടെങ്കിലും ഗുരുതരമല്ല.