ഹൈക്കോടതിയിൽ നാടകീയനീക്കം, ഗൂഢാലോചന നിരത്തി ഉത്തരവ്
കൊച്ചി: നാടകീയത നിലനിന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നലെ ശബരിമല സ്വർണക്കൊള്ള വിഷയം കേട്ടത്. എസ്.പി എസ്. ശശിധരൻ ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് കോടതിക്കുള്ളിൽ അനുവദിച്ചത്. ഇവരിൽ നിന്ന് അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞ കോടതി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിഭാഷകരെയടക്കം തിരികെ വിളിച്ചാണ് ഇടക്കാല ഉത്തരവ് അറിയിച്ചത്.
ഗൂഢാലോചന സംശയിക്കാനുള്ള കാരണങ്ങൾ 1. ദ്വാരപാലക ശില്പങ്ങളും കട്ടിളയും 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ദേവസ്വം അധികൃതർ മുൻകൈയെടുത്തു.
2. 2019 ജൂൺ 28ന് ദേവസ്വം കമ്മിഷണർക്ക് വേണ്ടി ഡെപ്യൂട്ടി കമ്മിഷണർ (ഫിനാൻസ് ഇൻസ്പെക്ഷൻ) പാളികൾ പോറ്റിക്ക് കൈമാറാൻ അനുമതി തേടിയപ്പോൾ 'ചെമ്പുപാളികൾ" എന്ന് രേഖപ്പെടുത്തി.
3.നിറം മങ്ങിയിട്ടില്ലാത്ത പീഠങ്ങളും പിന്നാലെ കൊടുത്തയച്ചു. 2021ൽ പീഠങ്ങൾ തിരിച്ചെത്തിയപ്പോൾ തിരുവാഭരണ രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല.
4.2024ൽ ദ്വാരപാലകർക്കും പീഠങ്ങൾക്കും നിറം മങ്ങിയതായി തിരുവാഭരണ കമ്മിഷണറും ദേവസ്വം സ്മിത്തും വിലയിരുത്തി. എന്നിട്ടും ടെൻഡർ വിളിക്കാതെയും വിദഗ്ദ്ധാഭിപ്രായം തേടാതെയും ഉണ്ണികൃഷ്ണൻ പോറ്റിയെത്തന്നെ 2025ൽ അറ്റകുറ്റപ്പണി ഏൽപ്പിച്ചു.
5. 40 വർഷത്തെ വാറന്റിയുടെ കാര്യമൊന്നും കണക്കിലെടുത്തില്ല. ഇത് മുൻ സ്വർണമോഷണം മറച്ചുവയ്ക്കാനുള്ള ശ്രമമായി സംശയിക്കണം.
6. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണ കമ്മിഷണർക്ക് അയച്ച കത്തിൽ ദ്വാരപാലകരെ ഇളക്കാൻ അനുവദിച്ചെങ്കിലും വാതിലിന്റെ ഭാഗങ്ങളും കമാനവും മറ്റും സന്നിധാനത്തു തന്നെ അറ്റകുറ്റപ്പണിക്കാണ് നിഷ്കർഷിച്ചത്.
7. 2025ലെ ഇടപാടിന് തിരുവാഭരണം കമ്മിഷണർ സന്നിധാനത്തു വച്ച് പരമ്പരാഗത രീതിയിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് നിലപാടെടുത്തെങ്കിലും ബോർഡ് പ്രസിഡന്റുമായി സംസാരിച്ചശേഷം മലക്കം മറിഞ്ഞു.
8. സ്ട്രോംഗ് റൂമിലെ പഴയ ശില്പങ്ങളും കൈമാറിയാൽ ചെലവുകുറയ്ക്കാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് കത്തയച്ചു.
9. 2019ലെ സ്വർണമോഷണം മറയ്ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്നാണ് സംഭവപരമ്പരകൾ വിരൽ ചൂണ്ടുന്നത്.
10. ഈ വർഷം പാളികൾ ഇളക്കിക്കൊണ്ടു പോയത് സ്പെഷ്യൽ കമ്മിഷണറെ അറിയിക്കാത്തതിനും ഇതോടെ ഉത്തരമാവുകയാണ്.
സ്വർണക്കവർച്ച:പങ്കില്ലെന്ന് പോറ്റിയുടെ കൂട്ടാളി
□അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളി അനന്തസുബ്രഹ്മണ്യത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. കവർച്ചയിൽ തനിക്ക് പങ്കില്ലെന്നും പോറ്റിയുടെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാളുടെ മൊഴി.
ശബരിമലയിൽ നിന്ന് ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ഏറ്റു വാങ്ങി ബംഗളുരുവിലെത്തിച്ച് സ്വർണപ്പണി നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയായ നാഗേഷിന് കൈമാറിയത് ഇയാളാണ്. പോറ്റി ദീർഘകാലമായുള്ള സുഹൃത്താണ്. പോറ്റിയുടെ ആവശ്യ പ്രകാരം ശബരിമലയിൽ അന്നദാനമടക്കം നടത്തിയിട്ടുണ്ട്. ആവശ്യപ്പെട്ടപ്പോഴൊക്കെ സ്പോൺസർഷിപ്പിന് പണം നൽകി. ഈ പണം എന്തിനുപയോഗിച്ചെന്ന് അറിയില്ലെന്നും അനന്തസുബ്രഹ്മണ്യം വെളിപ്പെടുത്തി.
ആവശ്യപ്പെടുമ്പോൾ വീണ്ടും ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് തിങ്കളാഴ്ച രാത്രി വൈകി ഇയാളെ വിട്ടയച്ചത്. ഗൂഡാലോചനയിലോ തട്ടിപ്പിലോ അനന്ത സുബ്രഹ്മണ്യത്തിന് പങ്കില്ലെന്നു വ്യക്തമായാൽ , കേസിൽ സാക്ഷിയാക്കാനും സാദ്ധ്യതയുണ്ട്. 10 ദിവസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ നൽകണം. ഇനി നവംബർ അഞ്ചിനാണ് റിപ്പോർട്ട് നൽകേണ്ടത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ അടുത്ത ദിവസം ചോദ്യം ചെയ്യും.
തിരുവിതാകൂർ ദേവസ്വം ബോർഡ് കാലാവധി നീട്ടൽ ത്രിശങ്കുവിൽ
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാനുള്ള സർക്കാരിന്റെ നീക്കത്തിന് പൂട്ടു വീഴാൻ സാദ്ധ്യത. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമർശം സർക്കാരിനും വിനയാകുന്നതാണ് കാരണം. ബോർഡിന്റെ മിനിട്സ് ബുക്ക് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടുന്നത് ജനവിരുദ്ധമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. കാലാവധി നീട്ടാനായി ഓർഡിനൻസ് കൊണ്ടുവരാനായിരുന്നു ആലോചന. നിലവിൽ രണ്ടു വർഷമാണ് ദേവസ്വം ഭരണസമിതിയുടെ കാലാവധി. ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി.രാജമാണിക്യം കാലാവധി നീട്ടൽ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നല്കിയിരുന്നു.