'ക്രീം ബിസ്‌കറ്റില്‍ ക്രീം ഇല്ല', ചേര്‍ക്കുന്നത് മറ്റൊരു സാധനം; കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നതിന് മുമ്പ് അറിയണം

Tuesday 21 October 2025 9:46 PM IST

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആസ്വദിച്ച് രുചിയോടെ കഴിക്കുന്നവയാണ് ബിസ്‌കറ്റുകള്‍. അതില്‍ തന്നെ ഏവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവയാണ് ക്രീം ബിസ്‌കറ്റുകള്‍. പരസ്യങ്ങളും ബ്രാന്‍ഡുകളും നോക്കി വലിയ വില കൊടുത്ത് വാങ്ങുന്ന ക്രീം ബിസ്‌കറ്റുകളില്‍ യഥാര്‍ത്ഥത്തില്‍ ക്രീം ഇല്ലെന്നാണ് പറയപ്പെടുന്നത്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന ബഹുഭൂരിപക്ഷം ക്രീം ബിസ്‌കറ്റുകളുടെ കാര്യത്തിലും ഇതാണ് അവസ്ഥ. കുട്ടികള്‍ വാശി പിടിച്ച് പല ക്രീം ബിസ്‌കറ്റുകള്‍ക്ക് വേണ്ടിയും കരയുമ്പോള്‍ വാങ്ങിക്കൊടുക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ തിരിച്ചറിയണം ക്രീമും ക്രെമും തമ്മിലുള്ള വ്യത്യാസം.

ബിസ്‌കറ്റ് പാക്കറ്റുകളിലെ അവയുടെ സ്‌പെല്ലിംഗ് ആണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ക്രീം (CREAM) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അത് ക്രീം ബിസ്‌കറ്റ് തന്നെയാണ്. മറിച്ച് CREME എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അത് ക്രീം ബിസ്‌കറ്റ് അല്ല മറിച്ച് ക്രെം ബിസ്‌കറ്റുകളാണ്. എന്താണ് ക്രീം ബിസ്‌കറ്റുകളും ക്രെം ബിസ്‌കറ്റുകളും തമ്മിലുള്ള വ്യത്യാസം? ക്രീം എന്നത് പാലിന്റെ ഒരു ഉപ ഉത്പന്നമാണ്. ഇത് പാലിലെ കൊഴുപ്പില്‍ നിന്നാണ് ഉണ്ടാക്കുന്നത്.

എന്നാല്‍ ക്രെം എന്നത് ഒരിക്കലും പാലില്‍ നിന്ന് ഉണ്ടാക്കുന്നതല്ല. ഇവ വെജിറ്റബിള്‍ ഓയിലില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇത് മിക്കവാറും കമ്പനികള്‍ പാക്കറ്റിന് പുറത്ത് ബിസ്‌കറ്റ് ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഏതെല്ലാമെന്ന് രേഖപ്പെടുത്തിയതില്‍ എഴുതിയിട്ടുമുണ്ടാകും. എന്നാല്‍ ക്രെം ബിസ്‌കറ്റുകളിലെ വെജിറ്റബിള്‍ ഓയില്‍, കളര്‍, ഫ്‌ളേവര്‍ എന്നിവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെ അത് വാങ്ങി കഴിക്കുകയും കുട്ടികള്‍ക്ക് നല്‍കുകയും ചെയ്യുന്ന സാധാരണക്കാരുടെ ഭാഗത്താണ് ശ്രദ്ധക്കുറവ്. കൃത്യമായി ക്രീം ചേര്‍ക്കുന്ന കമ്പനികള്‍ ഇത് പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും.