1400 ഏക്കറില്‍ എല്ലാ സൗകര്യത്തോടെയുള്ള ഭൂഗര്‍ഭ കെട്ടിടം, ലോകാവസാനം മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പോ?

Tuesday 21 October 2025 10:37 PM IST

2014ല്‍ പുറത്ത് വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 1400 ഏക്കറില്‍ ഭൂമിക്ക് അടിയില്‍ ഒരു കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നുണ്ടായിരുന്നു. ഹവായിയിലെ 1400 ഏക്കറില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഇങ്ങനെയൊരു കെട്ടിടം പണിയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ അതേ സ്ഥലത്തെച്ചൊല്ലി പുതിയ ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വയേര്‍ഡിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ കെട്ടിടത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ഭക്ഷണ ലഭ്യത, ഊര്‍ജോത്പാദനം പോലുള്ളവയിലേക്ക് കാര്യങ്ങള്‍ കടന്നുവെന്നാണ് വിവരം. 1400 ഏക്കറില്‍ ആറടി ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറംലോകം അറിഞ്ഞിട്ടില്ലെന്ന് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇലക്ട്രീഷ്യന്‍മാരില്‍ നിന്ന് എഴുതി വാങ്ങിയെന്നും സൂചനയുണ്ട്. ലോകാവസാനം മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പാണോ എന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമല്ലെന്നാണ് സക്കര്‍ബര്‍ഗ് നല്‍കിയ മറുപടി.

എന്നാല്‍ ഇതിന് ശേഷവും സക്കര്‍ബര്‍ഗ് ഭൂമി വാങ്ങിക്കൂട്ടിയതും ചില ഭൂഗര്‍ഭ നിര്‍മാണങ്ങള്‍ നടത്തിയതുമാണ് കൗതുകം വര്‍ദ്ധിപ്പിച്ചത്. ഏകദേശം 7,000 ചതുരശ്ര അടി ഭൂഗര്‍ഭ സംവിധാനങ്ങള്‍ കൂടെ സക്കര്‍ബര്‍ഗ് തന്റെ അധീനതയില്‍ പണിതിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ ഇതിനെ വിളിക്കുന്നത് 'കോടീശ്വരന്റെ വവ്വാല്‍ ഗുഹ(ബാറ്റ് കേവ്)' എന്നാണ്. ഇത്തരമൊരു രഹസ്യ കേന്ദ്രം പണികഴിപ്പിക്കുന്നത് ലോകാവസാനത്തെ മുന്നില്‍ക്കണ്ടാണ് എന്നതരത്തില്‍ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും ഇതിന് അടിസ്ഥാനമില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോള്‍ വികസിപ്പിക്കുന്ന എഐ സംവിധാനങ്ങള്‍ ഭാവിയില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ വരികയും കാര്യങ്ങള്‍ കൈവിട്ട് പോകുകയും ചെയ്യുന്ന സ്ഥിതിയുണ്ടായാലുള്ള മുന്നൊരുക്കമെന്നാണ് എഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.