അഞ്ചര ഏക്കറിൽ പാളയം ന്യൂമാർക്കറ്റ് വിവാദങ്ങൾക്കിടയിൽ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: ഒരു വശത്ത് പ്രതിഷേധവുമായി വ്യാപാരികൾ മറുവശത്ത് മുഖം കറുപ്പിച്ച് പ്രതിപക്ഷം. പ്രതിഷേധം ചൂട് പിടിച്ച അന്തരീക്ഷത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നായ കല്ലുത്താൻകടവിലെ ന്യൂപാളയം മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരളത്തിൽ വികസനം നടപ്പാക്കുന്നത് ആരെയും കുടിയൊഴിപ്പിച്ചുകൊണ്ടല്ല, മറിച്ച് ഏവരെയും പുരനധിവസിപ്പിച്ചുകൊണ്ടാണ് എന്ന സർക്കാർ നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്നതുകൂടിയാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനും സാമൂഹിക മാറ്റത്തിനുമായി എല്ലാവരും ഒന്നിച്ച് നിൽക്കണം. കോഴിക്കോട് കോർപറേഷൻ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ പാളയം മാർക്കറ്റ് സമുച്ചയത്തിലെ മൾട്ടി ലെവൽ മാർക്കറ്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 70,000 കോടി രൂപയുടെ വികസന പ്രവൃത്തികൾ സംസ്ഥാനത്ത് നടത്തിയതായി മന്ത്രി പറഞ്ഞു. ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. നഗരവികസനത്തിന്റെ ഭാഗമായി 1000 കോടിയിലധികം രൂപ ചെലവഴിച്ച് നഗരത്തിൽ 12 പുതിയ ഡിസൈൻഡ് റോഡുകൾക്ക് സർക്കാർ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. മാർക്കറ്റിലെ ബ്ലോക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പാലം നിർമിക്കാൻ പൊതുമരാമത്ത് എൻ.ഒ.സി നൽകുമെന്നും മന്ത്രി പറഞ്ഞു. മാർക്കറ്റിലെ കടകളുടെ താക്കോൽദാന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
അത്യധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ്
കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. കോർപറേഷന്റെ പി.പി.പി മാതൃകയിലുള്ള പദ്ധതിയിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമ്മാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ ഡവലപ്മെന്റ് കമ്പനി (കാഡ്കോ) ആണ്. 2009-ൽ തറക്കല്ലിട്ട പദ്ധതിക്ക് കോർപറേഷൻ 30 കോടി രൂപ ചെലവിൽ സ്ഥലം നൽകി. 100 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ആറ് ബ്ലോക്കുകളായി നിർമിച്ച മാർക്കറ്റിൽ പ്രധാന ബ്ലോക്കിന്റെ മുകൾ ഭാഗത്തുൾപ്പെടെ അഞ്ഞൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഒന്നാം നിലയിലേക്ക് മീഞ്ചന്ത - അരയിടത്തുപാലം ബൈപാസിൽ നിന്ന് നേരിട്ടു വാഹനങ്ങൾക്ക് കയറാം. കെട്ടിടത്തിനു മുകളിലേക്ക് ഓട്ടോ, ഗുഡ്സ് വാഹനങ്ങൾക്ക് കയറാൻ മൂന്ന് റാംപുകൾ ഉണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിനു ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കി.
മാർക്കറ്റ് ഉദ്ഘാടനം: കരിദിനമായി പ്രതിഷേധിച്ച് വ്യാപാരികൾ
കോഴിക്കോട്: കല്ലുത്താൻക്കടവ് പച്ചക്കറി മാർക്കറ്റ് ഉദ്ഘാടനം കരിദിനമാക്കി വായ മൂടിക്കെട്ടി പ്രതിഷേധിച്ച് വ്യാപാരികൾ. മാർക്കറ്റ് ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റിൽ എത്തുന്നതിന് മുൻപായാണ് വ്യാപാരികളും തൊഴിലാളികളും പാളയത്ത് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ ഒരു വിഭാഗം അനുകൂലിച്ചും പ്രതുകൂലിച്ചും എത്തിയതോടെ രണ്ട് വിഭാഗം കച്ചവടക്കാരും തമ്മിൽ സംഘർഷത്തിനിടയാക്കി. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വരും ദിവസങ്ങളിൽ സത്യാഗ്രഹം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ സമരപരിപാടികളിലേക്ക് കടക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. കറുത്ത ബാഡ്ജും കറുത്ത കോടിയും ഉൾപ്പെടെ ഉയർത്തി വായ മൂടി കെട്ടി മനുഷ്യൻ ചങ്ങല തീർത്തു. പാളയം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പാളയത്തെ 95 ശതമാനം കച്ചവടക്കാരും തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കെടുത്തു. യാതൊരു സൗകര്യവും ഇല്ലാതെയാണ് കല്ലുംത്താംകടവിൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
ബഹിഷ്കരിച്ച് യു.ഡി.എഫ് മാർക്കറ്റ് ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം വിട്ടു നിന്നതും ചർച്ചക്കിടയാക്കി. പ്രതിപക്ഷ കൗൺസിലർമാർ, എം.കെ രാഘവൻ എം.പി തുടങ്ങിയവർ പങ്കെടുത്തിരുന്നില്ല. അഴിമതിയാരോപിച്ചാണ് പ്രതിപക്ഷ കൗൺസിലർ പങ്കെടുക്കാതിരുന്നത്. കഴിഞ്ഞ ദീവസം നടന്ന ബീച്ചിലെ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനത്തിൽ നിന്നും പ്രതിപക്ഷം വിട്ടുനിന്നിരുന്നു.