വേണു ശ്രീനിവാസന് ടാറ്റ ട്രസ്‌റ്റ്‌സിൽ പുനർനിയമനം
മെഹ്‌ലി മിസ്ട്രിയും ട്രസ്‌റ്റിയായി തുടർന്നേക്കും
കൊച്ചി: ടാറ്റ ട്രസ്‌റ്റ്സിന്റെ ട്രസ്‌റ്റിയായി ടി.വി.എസ് ഗ്രൂപ്പിന്റെ ചെയർമാൻ എമിറൈറ്റിസ് വേണു ശ്രീനിവാസനെ അജീവനാന്ത കാലത്തേക്ക് പുനർനിയമിച്ചു. ഒക്ടോബർ 23ന് വേണു ശ്രീനിവാസന്റെ കാലാവധി അവസാനിക്കുന്നതിനിടെയാണ് ട്രസ്‌റ്റ്‌സ് അംഗങ്ങൾ ഐകകണ്ഠ്യേന തീരുമാനമെടുത്തത്. രത്തൻ ടാറ്റയുടെ മരണത്തിന് ശേഷം ചെയർമാനായ നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെതിരെ ട്രസ്‌റ്റിൽ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവ വികാസം. ഒക്ടോബർ 28ന് കാലാവധി അവസാനിക്കുന്ന മെഹ്‌ലി മിസ്ട്രിക്കും ആജീവനാന്ത കാലത്തേക്ക് ഐകകണ്ഠ്യേന പുനർനിയമനം നൽകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സർ ദൊരാബ്‌ജി ടാറ്റ ട്രസ്‌റ്റും സർ രത്തൻ ടാറ്റ ട്രസ്‌റ്റും ഉൾപ്പെടെ വിവിധ ജീവകാരുണ്യ സംഘടനകളുടെ മേൽനോട്ടം വഹിക്കുന്ന ടാറ്റ ട്രസ്‌റ്റ്‌സിന് ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴിൽ 30 ലിസ്‌റ്റഡ് കമ്പനികൾ ഉൾപ്പെടെ നാനൂറിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
നോയൽ ടാറ്റ, മെഹ്‌ലി മിസ്‌ട്രി, വേണു ശ്രീനിവാസൻ, വിജയ് സിംഗ്, പ്രമിത് ജാവേരി, ഡാരിയസ് ഖംബട എന്നിവരാണ് സർ ദൊരാബ്‌ജി ടാറ്റ ട്രസ്‌റ്റിലെ ട്രസ്‌റ്റികൾ.