നാളം തെളിഞ്ഞു, ഇനി ഓളം
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരി തെളിഞ്ഞു, മത്സരങ്ങൾ ഇന്നുമുതൽ
തിരുവനന്തപുരം : 67-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തലസ്ഥാനനഗരിയിൽ തിരിതെളിഞ്ഞു. ഇനി ഏഴുദിനം അനന്തപുരിയുടെ മണ്ണിൽ പുതിയ ദൂരവും ഉയരവും സമയവും കണ്ടെത്താനുള്ള കൗമാര കായികകേരളത്തിന്റെ ആവേശക്കുളമ്പടികൾ.ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സ്കൂൾ കായികമേളയുടെ രണ്ടാം പതിപ്പാണിത്.
ഇന്നലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് മേള ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 20,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും ഭാഗമാകുന്ന മേള, വെറും മത്സരമല്ല, കായിക കേരളത്തിന്റെ മഹത്തായ സാംസ്കാരിക സംഗമമാണെന്ന് വിദ്യാഭ്യാസ മന്ത്രി വിശേഷിപ്പിച്ചു.ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ വിദ്യാർത്ഥികൾക്ക്ആ വിജയാശംസകൾ നേർന്നു.
കായിക മേളയുടെ ദീപം മുൻ ഫുട്ബാൾ താരം ഐ.എം വിജയനും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് എച്ച്.എം കരുണപ്രിയയും ചേർന്ന് തെളിച്ചു. ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ജൂനിയർ ടീം അംഗംഅഥീന മറിയം സ്കൂൾ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലി. വൈകിട്ട് നാല് മുതൽ ജില്ലയിലെ വിവിധ സ്കൂളുകൾ, എസ് പി സി, എൻ സി സി കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, മേളയിൽ പങ്കെടുക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ ഉൾപ്പെടുന്ന വിവിധ ജില്ലകളുടെ ടീമുകളുടെ മാർച്ച് പാസ്റ്റ് നടന്നു.ബ്രാൻഡ് അംബാസിഡറായ സഞ്ജു സാംസൺ,ഗുഡ്‌വിൽ അംബാസഡറായ കീർത്തി സുരേഷ് എന്നിവരുടെ സന്ദേശവും ചടങ്ങിൽ വായിച്ചു.ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
എം.എൽ.എമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, ജി.സ്റ്റീഫൻ, സി.കെ ഹരീന്ദ്രൻ, ഐ.ബി സതീഷ്, എം.വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ.ആർ സുപ്രിയ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ ജയപ്രകാശ്, മുൻ കായികതാരങ്ങളായ കെ.എം ബീനാമോൾ, പത്മിനി തോമസ്, കെ.സി ലേഖ തുടങ്ങിയവർ പങ്കെടുത്തു.