സംസ്ഥാനത്ത് മെഡി. സീറ്റുകളിൽ വർദ്ധന കൂടിയത് 649 സീറ്റുകൾ രാജ്യത്താകെ കൂടിയത് 10,650

Wednesday 22 October 2025 12:43 AM IST

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 2025-26 അദ്ധ്യയന വർഷം 10,650 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ. കേരളത്തിൽ കൂടിയത് 649 സീറ്റുകൾ. രാജ്യത്ത് 41പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരവും നൽകി. 3500 മെഡിക്കൽ പി.ജി സീറ്റുകൾക്കുള്ള അപേക്ഷയും അംഗീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സീറ്റുകളുടെ എണ്ണം 1,37,600 ആയി. പി.ജി സീറ്റ് 67,000ഉം. 41 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയതോടെ എണ്ണം 816 ആയി.

കേരളത്തിൽ 10 മെഡിക്കൽ കോളേജുകൾക്കായി 700 പുതിയ സീറ്റുകളാണ് അനുവദിച്ചതെങ്കിലും രണ്ട് കോളേജുകളിലെ 51 സീറ്റുകൾ കുറച്ചതിനാൽ ഫലത്തിൽ വർദ്ധന 649 ആണ്. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ 50 സീറ്റും എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഒരു സീറ്റുമാണ് കുറച്ചത്.

അമൃതയിൽ 150ൽ നിന്ന് 149ആയും പാലക്കാട്ട് 150ൽ നിന്ന് 100 ആയും കുറഞ്ഞു. ദേശീയ മെഡിക്കൽ കമ്മിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണിത്. ഇതുൾപ്പെടെ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളലായി 456 സീറ്റുകളാണ് സമാന രീതിയിൽ വെട്ടിക്കുറച്ചത്. അടുത്ത അഞ്ചു വർഷത്തിനകം രാജ്യത്ത് 75,000 മെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് 2024ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

കേരളത്തിൽ സീറ്റ് വർദ്ധിപ്പിച്ച

മെഡിക്കൽ കോളേജുകൾ

(ബ്രായ്ക്കറ്റിൽ പഴയ സീറ്റ്)

തൊടുപുഴ അൽ അസർ..................... 250 (150) തൃശൂർ ജൂബിലി മിഷൻ.........................150 (100) പാലക്കാട് കരുണ..................................150 (100) കോഴിക്കോട് മലബാർ.......................... 250 (200) പാലക്കാട് പി.കെ. ദാസ്........................ 250 (200) തിരു. ശ്രീ ഉത്രാടം തിരുനാൾ................250 (150) കൊല്ലം ട്രാവൻകൂർ............................... 200 (150) കാസർകോട് ഗവ.മെഡി.കോളേജ്..... 50 (0) വയനാട് ഗവ. മെഡി. കോളേജ്............50 (0) പാലക്കാട് മാങ്ങോട് കേരള................. 150 (0)