ഏഷ്യാകപ്പ് തരില്ലെന്ന് നഖ്‌വി വീണ്ടും
ദുബായ് : ഏഷ്യാകപ്പ് കിരീടം വിട്ടുതരണമെന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ആവശ്യം വീണ്ടും തള്ളി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ പാകിസ്ഥാൻ മന്ത്രി മുഹ്സിൻ നഖ്‌വി. കഴിഞ്ഞയാഴ്ചയാണ് ട്രോഫി ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ പ്രതിനിധി രാജീവ് ശുക്ള ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് വീണ്ടും കത്തുനൽകിയത്. ശ്രീലങ്ക, അഫ്ഗാൻ ക്രിക്കറ്റ് ബോർഡുകളും ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ ബി.സി.സി.ഐ പ്രതിനിധികൾ ദുബായ്‌യിലെ എ.സി.സി ഓഫീസിലെത്തി തന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങണമെന്ന ശാഠ്യത്തിൽ ഉറച്ചുനിൽക്കുകയാണ് നഖ്‌വി.
ആ കാര്യം ചിന്തിക്കുകയേ വേണ്ടെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ കത്തുനൽകിയിട്ടും വഴങ്ങാത്ത നഖ്‌വിക്ക് എതിരെ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ബി.സി.സി.ഐ. മുൻ ബി.സി.സി.ഐ ചെയർമാനായ ജയ് ഷായാണ് ഐ.സി.സി ചെയർമാൻ.