വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് പോർട്ടൽ റെഡി
Wednesday 22 October 2025 12:44 AM IST
തിരുവനന്തപുരം:കോളേജ്,സർവകലാശാലാ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങളൊരുക്കാൻ കെൽട്രോണുമായി ചേർന്നുള്ള പോർട്ടൽ സജ്ജമായി. ഇന്ന് ഉച്ചയ്ക്ക് 3ന് മാസ്കോട്ട് ഹോട്ടലിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. 'ഇന്റേൺഷിപ്പ് കേരള' എന്നാണ് പോർട്ടലിന്റെ പേര്. അക്കാഡമിക്,വ്യവസായ മേഖലയെയും സർക്കാർ ഏജൻസികളെയും ബന്ധിപ്പിക്കുന്ന പോർട്ടലാണിത്. നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് നിശ്ചിത ക്രെഡിറ്റ് സഹിതം ഇന്റേൺഷിപ്പ് ലഭ്യമാവും. വ്യവസായങ്ങൾ,പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യസംരംഭകർ,സർക്കാർ വകുപ്പുകൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,എൻ.ജി.ഒകൾ എന്നിവയെ പോർട്ടലിലുൾപ്പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിനാണ് മേൽനോട്ടം. അക്കാഡമിക്- വ്യവസായ സഹകരണം ശക്തിപ്പെടുന്നതോടെ തൊഴിൽ ലഭ്യത വർദ്ധിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.