ചെസ് ഗ്രാൻഡ്മാസ്റ്റർ നരോദ്സ്കി 29-ാം വയസിൽ അന്തരിച്ചു
Tuesday 21 October 2025 11:46 PM IST
ന്യൂയോർക്ക് : അമേരിക്കൻ ചെസ് ഗ്രാൻഡ്മാസ്റ്ററും പ്രശസ്ത ചെസ് കമന്റേറ്ററുമായ ഡാനിയേൽ നരോദ്സ്കി 29-ാം വയസിൽ അന്തരിച്ചു. കുടുംബവൃത്തങ്ങളാണ് മരണവാർത്ത പുറത്തുവിട്ടത്. എന്നാൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല. 17-ാം വയസിൽ ഗ്രാൻഡ്മാസ്റ്റർ പട്ടം നേടിയ നരോദ്സ്കി അടുത്തിടെ അമേരിക്കൻ ദേശീയ ബ്ളിറ്റ്സ് ചാമ്പ്യനായിരുന്നു. യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലും ചെസ് സംബന്ധമായ വീഡിയോകളിലൂടെ നരോദ്സ്കി ശ്രദ്ധേയനായിരുന്നു. നരോദ്സ്കിയുടെ വേർപാടിൽ പ്രമുഖ ചെസ് താരങ്ങളായ വിശ്വനാഥൻ ആനന്ദ്, ഹികാരു നക്കാമുറ, വിദിത്ത് ഗുജറാത്തി തുടങ്ങിയവർ അനുശോചിച്ചു.
അതേസമയം നരോദ്സ്കിയുടെ മരണത്തിന്കാരണം മയക്കുമരുന്ന് ഉപയോഗമാണെന്ന ആരോപണവുമായി മുൻ ലോക ചെസ് ചാമ്പ്യൻ വ്ളാഡിമിർ ക്രാംനിക്ക് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.