സെൻസർ പ്രശ്നം:'ഹാൽ' സിനിമ ജഡ്ജി കാണും
Wednesday 22 October 2025 12:47 AM IST
കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പതിനഞ്ചിലധികം കട്ടുകൾ വേണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ച 'ഹാൽ" സിനിമ ശനിയാഴ്ച വൈകിട്ട് 7ന് ഹൈക്കോടതി ജഡ്ജി കണും. കാക്കനാട് പടമുഗൾ കളർ പ്ലാനറ്റ് സ്റ്റുഡിയോയിലാണ് ജസ്റ്റിസ് വി.ജി. അരുൺ സിനിമ കാണുക. സിനിമ കാണണമെന്ന് ഹർജിക്കാരായ നിർമ്മാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും (വീര) ആവശ്യപ്പെട്ടിരുന്നു. സെൻസർ ബോർഡ്,ഹർജിക്കാർ,എതിർ കക്ഷികൾ തുടങ്ങിയവരുടെ അഭിഭാഷകരും ജഡ്ജിയോടൊപ്പം സിനിമ കാണും. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യം നീക്കണം,ക്രൈസ്തവ മത വികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റണം, രാഖി ധരിച്ചുള്ള ഭാഗങ്ങൾ അവ്യക്തമാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവച്ചത്.