മലബാറി ആടുകളുടെ വംശനാശം ഒഴിവാക്കാൻ സർക്കാർ ഫാം
ആലപ്പുഴ: കേരളത്തിന്റെ തനത് ആട് ഇനമായ മലബാറിയുടെ വംശനാശമൊഴിവാക്കാൻ കാസർകോട് ബേഡഡുക്കയിൽ 1000 ആടുകൾക്കുള്ള ഫാം ഒരുക്കി മൃഗസംരക്ഷണ വകുപ്പ്.സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കൈവശമിരുന്ന 22ഏക്കർ സ്ഥലത്താണ് 2021ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാം സജ്ജമായത്.മൂന്നുകോടിയോളം രൂപ ചെലവഴിച്ച് ആടുകളെ പാർപ്പിക്കാൻ ഷെഡ്,ഫീഡ് സ്റ്റോർ,അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് എന്നിവയുടെ നിർമ്മാണവും 66ലക്ഷം രൂപ വിനിയോഗിച്ച് 22ഏക്കർ സ്ഥലമൊരുക്കി ചുറ്രുമതിൽ നിർമ്മാണവും പൂർത്തീകരിച്ചിരുന്നു.ജീവനക്കാരുടെ നിയമന നടപടികളും ആരംഭിച്ചു. ജമുനാപാരി,സിരോഹി,ബീറ്റൽ,ഓസ്‌നാബാദി തുടങ്ങിയ ഇതരസംസ്‌ഥാന ജനുസുകൾ കേരളം കീഴടക്കുകയും നാടൻ ഇനമായ മലബാറിയുടെ എണ്ണം കുറയുകയും ചെയ്തപ്പോഴാണ് മൃഗസംരക്ഷണ വകുപ്പ് സംരക്ഷണ പദ്ധതി തയ്യാറാക്കിയത്.
സംരക്ഷിക്കാൻ കാരണം
മറുനാടൻ ബ്രീഡുകളോടുള്ള ഭ്രമവും കച്ചവട താൽപ്പര്യങ്ങളുമാണ് പാൽ,ഇറച്ചി വിപണിയിൽ മലബാറിയെ പിന്നോട്ടടിക്കാൻ കാരണമായത്.സർക്കാർ ഫാമിൽ മികച്ച പരിചരണത്തിലൂടെ മലബാറിയുടെ പഴയ പ്രൗഡി വീണ്ടെടുക്കാനും മികച്ച ജനുസാക്കി കേരളത്തിലുടനീളം കർഷകർക്ക് ലഭ്യമാക്കുകയുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ ലക്ഷ്യം.
മലബാറി ആടുകളുടെ ശരീരഭാരം
ജനന സമയത്ത്......... 2.20 കി.ഗ്രാം
3മാസം ....................8.60കി.ഗ്രാം
6മാസം.....................14.50കി.ഗ്രാം
9 മാസം................... 19- 20കി.ഗ്രാം
കറവക്കാലം .......... 90 ദിവസം(ശരാശരി)
ഒരു കറവക്കാലത്തെ പാലുത്പാദനം........ 77ലീറ്റർ.
പാൽ ഉത്പാദനത്തിൽ മുന്നിൽ
വളർച്ചാനിരക്ക്,പ്രായമനുസരിച്ചുള്ള ശരീരഭാരം,പ്രജനന നിരക്ക്,പ്രത്യുത്പാദനശേഷി തുടങ്ങിയവയിൽ കേരളത്തിന്റെ കാലാവസ്‌ഥയിൽ മലബാറി ആടുകൾ മുന്നിലാണ്.ഓരോ പ്രസവത്തിലും പാലുത്പാദന ദൈർഘ്യം കുറവാണെങ്കിലും മികച്ച പാൽ ഉത്പാദനംകൊണ്ട് ഈ കുറവിനെ മറികടക്കും.പ്രത്യുൽപ്പാദന താരതമ്യത്തിലും മലബാറി ആടുകൾക്ക് മേന്മകളുണ്ട്.എട്ടു മാസം പ്രായം അല്ലെങ്കിൽ പതിനഞ്ചു കിലോഗ്രാം ഭാരം(തൂക്കം) ആകുമ്പോൾ മലബാറി പെണ്ണാടുകളെ ഇണചേർക്കാം.രണ്ട് പ്രസവങ്ങൾക്കിടയിലെ ദൈർഘ്യം എട്ടുമാസമായി ക്രമീകരിച്ചാൽ രണ്ട് കൊല്ലത്തിൽ മൂന്ന് പ്രസവം ഉറപ്പാക്കാം.
കേരളത്തിന്റെ തനത് ആടായ മലബാറിയെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്.വനഭൂമിയിൽ പുല്ലും ആടിനാവശ്യമായ കുറ്റിച്ചെടികളും വച്ചുപിടിപ്പിച്ച് നാടൻ ശൈലിയിലെ പരിപാലനമാണ് ലക്ഷ്യമിടുന്നത്.ഫാം ഉടൻ പൂർണതോതിൽ പ്രവർത്തനസജ്ജമാകും
- ഡയറക്ട്രേറ്റ്, മൃഗസംരക്ഷണ വകുപ്പ്