അച്ഛൻ കുഞ്ഞൻകുട്ടി,​ മകൻ കിംഗ് കോംഗ്

Wednesday 22 October 2025 1:56 AM IST

ആലപ്പുഴ : ആറാമത്തെ കുഞ്ഞ് പിറന്നപ്പോൾ കുഞ്ഞൻകുട്ടി ഭാര്യയോട് പറഞ്ഞു, നമ്മുടെ മകന് 'കിംഗ് കോംഗ്" എന്നു പേരിടാം. അദ്യം അമ്പരന്നെങ്കിലും പിന്നീട് ചെറുചിരിയോടെ സമ്മതം മൂളി. ഈ പേര് കേൾക്കുന്നവരെല്ലാം ഇതുപോലെ അമ്പരക്കും. പിന്നെ ചിരിക്കും. പെണ്ണുകാണൽ ചടങ്ങിലടക്കം ഇത് നേരിട്ടനുഭവിച്ചതുകൊണ്ട് കണിച്ചുകുളങ്ങരക്കാരൻ കിംഗ് കോംഗിന് എല്ലാം കൗതുകം. സിനിമയിലെ ധാരാസിംഗിന്റെ കഥാപാത്രത്തിനോടുള്ള ആരാധനയിൽ അച്ഛൻ സമ്മാനിച്ചതാണ് 'കിംഗ് കോംഗ് ' എന്ന പേര്. കർഷകനായിരുന്നു കണിച്ചുകുളങ്ങര അയ്യനാട്ടുവെളിയിൽ കുഞ്ഞൻകുട്ടി.

ഒരു വലിയ ദിനോസറിൽ നിന്ന് ഗ്രാമീണ ജനതയെ രക്ഷിക്കുന്ന ചെറുപ്പക്കാരന് രാജാവ് 'കിംഗ് കോംഗ്' എന്ന പദവി നൽകുന്നതും രാജപുത്രിയെ വിവാഹം ചെയ്തു കൊടുക്കുന്നതുമാണ് ധാരാസിംഗ് നായകനായ ചിത്രത്തിന്റെ ഇതിവൃത്തം. 1962ലാണ് ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. കണിച്ചുകുളങ്ങരയിലെ ടാക്കീസിൽ നിന്ന് സിനിമ കണ്ടതോടെ നായക കഥാപാത്രത്തോട് ആരാധന മൂത്തു. ഈ കാലത്താണ് കുഞ്ഞൻകുട്ടിക്ക് ആറാമത്തെ മകൻ ജനിച്ചത്. കാഴ്ചയിൽ വളരെ ആരോഗ്യവാനായിരുന്നു. ദിവാകരൻ, ബാഹുലേയൻ, ശിവൻ, പുരുഷോത്തമൻ, ഭാസി തുടങ്ങിയ മറ്റ് സഹോദരങ്ങളിൽ നിന്നും വ്യത്യസ്തമായ പേര് കിട്ടിയതിൽ കിംഗ് കോംഗ് സന്തുഷ്ടനാണ്.

പ്രീഡിഗ്രിക്കുശേഷം ചേർത്തല ഓട്ടോകാസ്റ്റിൽ കരാർ ജീവനക്കാരനായി പ്രവേശിച്ച കിംഗ് കോംഗ് (62) ഇപ്പോഴും തൊഴിൽ തുടരുന്നുണ്ട്. ഭാര്യ ഉഷ. മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുമാണ് കിംഗ് കോംഗ്. അവസരംകിട്ടിയാൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.