തുലാമഴയിൽ 42 ശതമാനത്തിന്റെ കുറവ്

Wednesday 22 October 2025 12:05 AM IST

മലപ്പുറം: ന്യൂന മർദ്ദത്തിന് പിന്നാലെ മഴ കനത്തിട്ടുണ്ടെങ്കിലും തുലാ മഴയുടെ കാര്യത്തിൽ ജില്ല പിന്നിൽ തന്നെ. ശക്തമായ തുലാം മഴ ലഭിക്കേണ്ട ഒക്ടോബറിൽ മഴയിൽ 42 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവർഷക്കാറ്റ് ദുർബലമായതോടെ തുലാ മഴ ജില്ലയിൽ കാര്യമായി ലഭിച്ചിട്ടില്ല. ഒക്ടോബർ ഒന്നിനാണ് തുലാവർഷം ഔദ്യോഗികമായി ആരംഭിച്ചത്. ഡിസംബർ വരെ മഴ നീളുമെങ്കിലും ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ടത് ഒക്ടോബറിലാണ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് ലഭിക്കാറുള്ളത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ട ഇരട്ട ന്യൂന മർദ്ദത്തെ തുടർന്നാണ് ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ പലയിടങ്ങളിലായി പെയ്ത മഴയും ന്യൂന മർദ്ദങ്ങളെ തുടർന്നായിരുന്നു.

വെതർ സ്റ്റേഷൻ - ലഭിച്ച മഴ (മില്ലീമീറ്ററിൽ)​

പൊന്നാനി - 1

നിലമ്പൂർ - 7

മഞ്ചേരി - 0

അങ്ങാടിപ്പുറം - 3

പെരിന്തൽമണ്ണ - 3

കരിപ്പൂർ - 14

30 ശതമാനത്തിൽ കൂടുതൽ മഴക്കുറവുള്ള ജില്ലകൾ

ജില്ല: ലഭിച്ചത് :പ്രതീക്ഷിച്ചത് : ശതമാനം

(മില്ലീമീറ്ററിൽ)

കൊല്ലം: 131.5 : 245 : -46

മലപ്പുറം: 126.5: 219.2 : -42

കോഴിക്കോട്: 121.3 : 203.2 : -40

ആലപ്പുഴ: 147.4 : 225.6 : -35

തൃശൂർ: 160.1 : 245.4 : -35

ഇടുക്കി: 180.4 : 274 : -34

ഇന്ന് റെഡ് അലേർട്ട്

ജില്ലയിൽ അതിതീവ്രമഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.