മുംബയിലെ ഫ്ളാറ്റിൽ തീപിടിത്തം: മലയാളി യുവതിയും ഭർത്താവും മകളും മരിച്ചു

Wednesday 22 October 2025 1:06 AM IST

മുംബയ്/ തിരുവനന്തപുരം: നവി മുംബയിലെ വാഷി സെക്ടർ 14ലെ ഫ്ളാറ്റ് സമുച്ചയത്തിൽ അർദ്ധരാത്രിയുണ്ടായ തീപിടിത്തത്തിൽ മലയാളിയായ യുവതിയും ഭർത്താവും ആറുവയസുള്ള മകളും മരിച്ചു. ഇവരുൾപ്പെടെ നാലുപേരാണ് ദുരന്തത്തിനിരയായത്. പതിനൊന്നു പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം ചിറയിൻകീഴ് ആൽത്തറമൂട് നന്ദനത്തിൽ രാജൻ- വിജയലക്ഷ്മി ദമ്പതികളുടെ മകൾ പൂജാ രാജൻ (39), ഭർത്താവ് തമിഴ്നാട് സ്വദേശി സുന്ദർ ബാലകൃഷ്ണൻ (44), മകൾ വേദിക എന്നിവരാണ് മരിച്ചത്. മുംബയ് സ്വദേശി കമല ഹിരൺ ജയനാണ് (84) മരിച്ച മറ്രൊരാൾ.

തിങ്കളാഴ്ച അർദ്ധരാത്രിയായിരുന്നു എം.ജി കോംപ്ലക്‌സ് രജേഹ കെട്ടിടത്തിലെ ബി വിംഗിലെ പത്താം നിലയിൽ തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ 11, 12 നിലകളിലേക്ക് പടർന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 12ാം നിലയിലായിരുന്നു സുന്ദറും കുടുംബവും. ചുറ്റിനും തീപടർന്നതോടെ ഉറക്കത്തിലായിരുന്ന ഇവർക്ക് രക്ഷപ്പെടാനായില്ല. സംസ്കാരം നവി മുംബയിലെ തുർഭേ ഹിന്ദു ശ്‌മശാനത്തിൽ നടത്തി.

പൂജയുടെയും സുന്ദറിന്റെയും മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് മുംബയിൽ സ്ഥിര താമസമാക്കിയവരാണ്. ടയർ വ്യവസായ രംഗത്ത് പ്രവർത്തിക്കുകയാണ് സുന്ദർ. നവി മുംബയ് ദുർബയിൽ പൂജാ സ്റ്റോഴ്സ് എന്ന ടയർ കട നടത്തുകയാണ് പൂജയുടെ പിതാവ് രാജൻ. ശാർക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് ഇവർ നാട്ടിൽ വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പൂജയുടെ അമ്മയുടെ നാടാണ് ചിറയിൻകീഴ്.

രക്ഷാപ്രവർത്തനത്തിന്

തടസമായി പാർക്കിംഗ്

തീപിടിത്തമറിഞ്ഞ് ഫയർഫോഴ്സ് എത്തിയെങ്കിലും പ്രദേശത്ത് തിങ്ങിനിറഞ്ഞ് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസമായി. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് നാലുമണിക്കൂർ പ്രയത്നിച്ചാണ് തീ പൂർണമായും കെടുത്തിയത്. അപ്പോഴേക്കും പുലർച്ചെ നാലുമണിയായി.