സ്കൂളിൽ അയൺ ഗുളിക കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

Wednesday 22 October 2025 1:17 AM IST

 6 പേർ‌ ആശുപത്രിയിൽ

കുന്നത്തൂർ: മൈനാഗപ്പള്ളി ഐ.സി.എസ് മിലാദി ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിതരണം ചെയ്ത അയൺ ഗുളിക കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം. ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ട 6 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ആണ് സംഭവം.

എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അൽ സാബിത്ത്,അൽസാബിർ,മുഹമ്മദ് ഹാഷിം,മുഹമ്മദ് നബീൽ,മുഹമ്മദ് യാസിൻ,മുഹമ്മദ് ഷാ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.പല ഡിവിഷനുകളിൽ പഠിക്കുന്ന കുട്ടികളാണ് ഇവരെല്ലാം.ഇടവേളയിൽ കുട്ടികൾ പരസ്പരം മത്സരിച്ച് ഗുളിക കഴിച്ചതാണ് അസ്വസ്ഥതയ്ക്ക് കാരണമായതെന്നാണ് പറയപ്പെടുന്നത്.

5 മുതൽ 30 വരെ ഗുളികകൾ വീതം ഓരോരുത്തരും ഒരുമിച്ച് കഴിച്ചെന്നാണ് വിവരം.ഉടൻ തന്നെ കുട്ടികളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്.വർഷത്തിൽ രണ്ട് തവണ സ്കൂളുകൾ വഴി ആരോഗ്യവകുപ്പ് വിദ്യാർത്ഥികൾക്ക് അയൺ ഗുളിക നൽകുന്ന പതിവുണ്ട്.

വാരിക്കോരി നൽകി

ഓരോ കുട്ടിയുടെയും തൂക്കവും ആരോഗ്യസ്ഥിതിയും വിലയിരുത്തിയ ശേഷം അതിന് ആനുപാതികമായാണ് അയൺ ഗുളികൾ നൽകേണ്ടത്. എന്നാൽ ഇതിനു വിരുദ്ധമായാണ് ആരോഗ്യ വകുപ്പ് കുട്ടികൾക്ക് ഗുളികൾ വാരിക്കോരി നൽകതെന്നും രക്ഷിതാക്കൾ പരാതിപ്പെടുന്നു. അതിനിടെ അയൺ ഗുളിക കഴിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടിയ സംഭവം,ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും കൃത്യവിലോപവുമാണെന്ന് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വൈ.ഷാജഹാൻ ആരോപിച്ചു.