തമിഴ്‌നാട് അതിർത്തിയിൽ ആക്രിക്കടയിൽ നിന്ന് ചിലർ നിസാരവിലയ്‌ക്ക് വാഹനങ്ങൾ പണിത്‌ ഇറക്കും, ലക്ഷ്യം മറ്റൊന്ന്

Wednesday 22 October 2025 1:18 AM IST

കുന്നത്തുകാൽ: തമിഴ്നാട് അതിർത്തിവഴി കേരളത്തിലേക്ക് ലഹരി വസ്തുക്കൾ കടത്തൽ വ്യാപകമാകുന്നു.കഞ്ചാവ്,എം.ഡി.എം.എ, ബ്രൗൺഷുഗർ തുടങ്ങിയവ ഒഡിസ, ബംഗളൂരു, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം കന്യാകുമാരിയിലെ ലഹരി സംഘങ്ങളുടെ താവളത്തിലെത്തുന്നുവെന്നാണ് വിവരം. അവിടെനിന്നും ഇരുചക്രവാഹനങ്ങളിൽ കേരളത്തിലേക്ക് അതിർത്തി കടക്കുന്നത് വിളവൻകോട് താലൂക്കിലെ ഇടനാഴികളിലൂടെയാണ്. ആക്രിക്കടകളിൽ നിന്നും നിസാരവിലയ്ക്ക് ലഭിക്കുന്ന വാഹനങ്ങളെ അറ്റകുറ്റപ്പണികൾ നടത്തി വൻകിട മാഫിയാസംഘം ലഹരി കടത്താൻ ഉപയോഗിക്കുന്നു.

സംവിധാനങ്ങളില്ല

എക്‌സൈസ് അധികൃതർ കവലകൾ കേന്ദ്രീകരിച്ച് നിലയുറപ്പിക്കുന്നുണ്ടെങ്കിലും കടത്തുകാരെ പിടികൂടാൻ സംവിധാനങ്ങളില്ല. പിടികൂടിയാലും അളവിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

പിടിക്കപ്പെടുന്നത് ഇൻഷ്വറൻസില്ലാത്ത വാഹനങ്ങൾ

ലഹരിവസ്തുക്കൾക്കൊപ്പം പിടിക്കപ്പെടുന്ന പ്രതികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞവയും ഇൻഷ്വറൻസ് ഇല്ലാത്തവയുമാണ്. ലഹരിക്കടത്ത് സംഘത്തിൽ നിരവധിപേർ പ്രവർത്തിക്കുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്.കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വിളവൻകോട് വഴി ബൈക്കിൽ കടത്തിയ 2.6 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. കുന്നത്തുകാലിനു സമീപം വണ്ടിത്തടത്തുവച്ച് പിടികൂടിയ പേയാട് സ്വദേശി സന്തോഷ് (30) ഉപയോഗിച്ചിരുന്ന വാഹനവും ഇത്തരത്തിലുള്ളതാണെന്ന് നെയ്യാറ്റിൻകര എക്‌സൈസ് ഇൻസ്‌പെക്ടർ അജയകുമാർ കേരളകൗമുദിയോട് പറഞ്ഞു.