കബാലി ആക്രമിച്ചു, ബസ് കാനയിൽ ചാടി
യാത്രക്കാരെ മാറ്റിയത് ലോറിയിൽ
ചാലക്കുടി : ഷോളയാറിൽ കൊമ്പൻ കബാലി ഇരുപതോളം യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസാക്രമിച്ചു. ആനയെ കണ്ട് പിന്നിലേക്കെടുത്ത ബസ്, റോഡരികിലെ കാനയിൽ കുടുങ്ങി. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വഴിയിൽ കുടുങ്ങിയ യാത്രികരെ തമിഴ്നാട് ഭാഗത്തു നിന്ന് ലോറി കൊണ്ടുവന്ന് മലക്കപ്പാറയിൽ എത്തിച്ചു.
ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പോയ ബസിനെയാണ് ഷോളയാർ പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന ഭാഗത്ത് കബാലി ആക്രമിച്ചത്. മദപ്പാടുള്ള ആന അടുത്തേയ്ക്ക് വരുന്നതുകണ്ട ഡ്രൈവർ ബസ് പിന്നിലേക്കെടുത്തു. വേഗത്തിൽ വന്ന ആന ബസിന്റെ മുൻഭാഗത്ത് കുത്തി. ഇതിനിടയിലാണ് പിൻചക്രം കാനയിലേക്ക് ചാടിയത്. ബസ് കാനയിൽ നിന്നു കയറ്റാൻ പറ്റാത്ത അവസ്ഥായിലായതോടെയാണ് ലോറി എത്തിച്ച് യാത്രക്കാരെ മാറ്റിയത്. ആന റോഡിൽ തന്നെ നിലയുറപ്പിച്ചു. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടിലേക്ക് കയറ്റിവിട്ടു.