രാ‌ഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമലയിൽ; കാലാവസ്ഥ  പരിഗണിച്ച് ക്രമീകരണങ്ങളിൽ  മാറ്റം

Wednesday 22 October 2025 6:49 AM IST

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമലയിൽ ദർശനം നടത്തും. ഇന്ന് രാവിലെ 9.10ന് രാജ്‌ഭവനിൽ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിലാണ് ശബരിമലയിലേക്ക് പോകുക. മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് രാഷ്ട്രപതിയുടെ ശബരിമല യാത്രയിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടർ ഇറങ്ങുക. നേരത്തെ നിലയ്‌ക്കലിൽ ഹെലികോപ്ടർ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പ്രമാടത്ത് ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകാനാണ് പുതിയ തീരുമാനം.

പമ്പയിൽ നിന്ന് പ്രത്യേക വാഹനത്തിൽ സന്നിധാനത്ത് എത്തും. പതിനെട്ടാം പടിക്കുമുന്നിൽ മന്ത്രി വി.എൻ.വാസവനും ദേവസ്വം ബോർഡ് ഭാരവാഹികളും ചേർന്ന് പൂർണകുംഭം നൽകി രാഷ്ട്രപതിയെ ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന്​ പതിനെട്ടാംപടി കയറും. 12.10ന് അയ്യപ്പദർശനം. ഉച്ചപൂജയും തൊഴുതശേഷം ദേവസ്വം ഗസ്റ്റ്​ ഹൗസിൽ വിശ്രമിക്കും. ​

രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്തെത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 23-ാം തീയതി രാവിലെ 10.30ന് രാജ്ഭവനിൽ കെ.ആർ. നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം. ഉച്ചയ്ക്ക് 12.50ന് വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥിയാകും.

24-ാം തീയതി രാവിലെ 11.35ന് കൊച്ചി നാവിസേന ആസ്ഥാനത്ത് ഇറങ്ങുന്ന രാഷ്ട്രപതി എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ബോൾഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനുശേഷം വൈകിട്ട് 4.05ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചുപോകും.