'ദേവസ്വം  ബോർഡ്  അംഗങ്ങളും  ജീവനക്കാരും  ആർക്കോ  വേണ്ടി  പ്രവർത്തിച്ചു'; നിർണായക  രേഖകൾ  കിട്ടിയെന്ന് എസ്ഐടി

Wednesday 22 October 2025 8:05 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). രേഖകളിൽ നിന്നുതന്നെ അട്ടിമറി വ്യക്തമാണെന്നും എസ്ഐടി ഹെെക്കോടതിയെ അറിയിച്ചു. ഹെെക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ.

2019ൽ സ്വർണ പാളികളും കട്ടിളയും കെെമാറാൻ തീരുമാനിച്ച ദേവസ്വം മിനിട്സ് ബുക്ക് എസ്ഐടി പിടിച്ചെടുത്തു. എസ്ഐടി പരിശോധനയിലാണ് നിർണായക രേഖകൾ കിട്ടിയത്. രേഖകൾ കെെമാറുന്നതിൽ ബോർഡിന് വെെമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകൾ കെെമാറുന്നതെന്നും എസ്ഐടി വ്യക്തമാക്കുന്നു.

അതേസമയം, 2019ലെ സ്വർണമോഷണം മറയ്‌ക്കാനാകണം 2025ലും ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പി​ക്കാൻ ദേവസ്വം ബോർഡ് ഉത്സാഹം കാട്ടിയതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. ശബരിമല സ്വർണക്കൊള്ളയ്‌ക്കു പിന്നിലെ വിപുലമായ ഗൂഢാലോചന കണ്ടെത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശവും നൽകി. നിലവിൽ ദേവസ്വം പ്രസി‌ഡന്റ് പി.എസ്. പ്രശാന്തും തിരുവാഭരണം കമ്മിഷണർ റജിലാലുമാണ്. സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണനാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

കവർച്ചയിൽ പങ്കുള്ള ഓരോ ദേവസ്വം ഉദ്യോഗസ്ഥനെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തുനിന്ന് താഴേക്ക് പങ്കുള്ള ഓരോരുത്തരിലേക്കും അന്വേഷണം എത്തണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നി​ർദ്ദേശി​ച്ചു. ദേവസ്വം ബോർഡ് മിനിട്ട്സ് പിടിച്ചെടുക്കാനും ഉത്തരവി​ട്ടു. നേരത്തെ പ്രസിദ്ധീകരിച്ച മുൻഗണനാക്രമത്തിൽ മാറ്റം വരുത്തി ആദ്യ കേസായാണ് സ്വർണക്കൊള്ള ഇന്നലെ​ കോടതി പരിഗണിച്ചത്.