രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടറിന്റെ ടയർ കോൺക്രീറ്റിൽ താഴ്‌ന്നു; പൊലീസും  ഫയർഫോഴ്സും  ചേർന്ന് തള്ളിനീക്കി

Wednesday 22 October 2025 10:00 AM IST

പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു. പിന്നാലെ പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കുകയായിരുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഹെലികോപ്ടർ ഇറങ്ങിയത്.

നേരത്തെ നിലയ്‌ക്കലിൽ ഹെലികോപ്ടർ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ചാണ് തീരുമാനം മാറ്റി പ്രമാടത്തേക്ക് ആക്കിയത്. ഇന്ന് രാവിലെയായിരുന്നു പ്രമാടത്ത് ഹെലികോപ്ടർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയായത്. അതുകൊണ്ട് കോൺക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

9.05ന് പ്രമാടത്ത് ഇറങ്ങി റോഡ് മാർഗം രാഷ്ട്രപതി പമ്പയിലേക്ക് തിരിച്ചു. 11.50 ഓടെ സന്നിധാനത്തെത്തും. പതിനെട്ടാംപടിക്കുമുന്നിൽ മന്ത്രി വി.എൻ.വാസവനും ദേവസ്വം ബോർഡ് ഭാരവാഹികളും ചേർന്ന് പൂർണകുംഭം നൽകി രാഷ്ട്രപതിയെ ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന്​ പതിനെട്ടാംപടി കയറും. 12.10ന് അയ്യപ്പദർശനം. ഉച്ചപൂജയും തൊഴുതശേഷം ദേവസ്വം ഗസ്റ്റ്​ ഹൗസിൽ വിശ്രമിക്കും. ​