ആശങ്കകൾക്കൊടുവിൽ സ്വർണവില കുത്തനെയിടിഞ്ഞു; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് നാലായിരം രൂപയിലധികം

Wednesday 22 October 2025 10:04 AM IST

കൊച്ചി: ആശങ്കകൾക്കൊടുവിൽ സ്വർണവില കുത്തനെയിടിഞ്ഞു. ഒറ്റയടിക്ക് 2480 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 93280 രൂപയായി. അടുത്തിടെ ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയും ഉയർന്ന തുക കുറയുന്നത്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി.

പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9640 രൂപയായി. ചിലയിടത്ത്‌ വെള്ളി വിലയിലും ഇന്ന് ഇടിവ്‌ രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞു. ഇതോടെ 180 രൂപയായി. ഇരുപത്തിരണ്ട് കാരറ്റ് സ്വർണത്തിന് ഇന്നലെ രാവിലെ പവന് 1,520 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1,600 രൂപ കുറഞ്ഞ് 95,760 രൂപയിലെത്തിയിരുന്നു. അതായത് ഇന്നലെയും ഇന്നുമായി നാലായിരം രൂപയിലധികമാണ് കുറഞ്ഞത്.

വ്യാപാര സംഘർഷങ്ങൾ മയപ്പെട്ടതും ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചതും സ്വർണത്തിന് പ്രതികൂലമായി. ചൈനയും അമേരിക്കയും വ്യാപാര കരാറിൽ ഒപ്പുവച്ചേക്കുമെന്ന വാർത്തകളാണ് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചത്. ലാഭമെടുക്കാൻ നിക്ഷേപകർ വിൽപ്പന സമ്മർദ്ദം സൃഷ്ടിച്ചതും വിലത്തകർച്ച രൂക്ഷമാക്കി.

പുതിയ സാഹചര്യത്തിൽ ആഭരണങ്ങളായും നാണയങ്ങളായും വാങ്ങുന്നതിന് പകരം ഉപഭോക്താക്കൾ ഡിജിറ്റൽ സ്വർണമാണ് വാങ്ങുന്നത്. എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, ഗോൾഡ് ഫണ്ട്സ് ഒഫ് ഫണ്ട്സ് എന്നിവയിലേക്കാണ് പ്രധാനമായും നിക്ഷേപം ഒഴുകിയെത്തുന്നത്. ശുദ്ധത, സുരക്ഷിതത്വം, പണിക്കൂലി എന്നിവയെ കുറിച്ച് ആശങ്കയില്ലാതെ നിക്ഷേപകർക്ക് സ്വർണം വാങ്ങാമെന്നതാണ് പ്രധാന ആകർഷണം.