കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു, കാർ തടഞ്ഞിട്ടത് നിവേദനം നൽകാൻ

Wednesday 22 October 2025 10:31 AM IST

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നൽകാൻ ശ്രമം. ഇന്നുരാവിലെ കോട്ടയത്തിനുസമീപത്തായിരുന്നു സംഭവം. പള്ളിക്കത്തോട് ബസ്‌സ്റ്റാൻഡ് മൈതാനിയിൽ രാവിലെ കലുങ്ക് സംവാദം പൂർത്തിയാക്കി മടങ്ങിവരുമ്പോഴായിരുന്നു വാഹനം തടഞ്ഞത്. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് വാഹനം തടഞ്ഞെതെന്നാണ് പൊലീസ് നൽകുന്ന സൂചന.

വാഹനം വരുമ്പോൾ റോഡുവക്കിൽ നിൽക്കുകയായിരുന്ന ഇയാൾ സുരേഷ് ഗോപി ഇരുന്ന ഭാഗത്തേക്ക് ഓടിയടുക്കുകയും തുടർന്ന് മുന്നോട്ടുനീങ്ങി വാഹനം തടയുകയുമായിരുന്നു. കൈയിലിരുന്ന ചില പേപ്പറുകൾ ഉയർത്തിക്കാട്ടി ഇത് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഡോർ തുറക്കാനോ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനോ സുരഷ് ഗോപി തയ്യാറായില്ല.

ഇതിനിടെ പൈലറ്റുപോയ പൊലീസുകാരും വാഹനത്തിന് പിന്നാലെയുണ്ടായിരുന്ന ബിജെപി പ്രവർത്തകരും ഓടിയെത്തി. പ്രവർത്തകരിൽ ഒരാൾ ഷാജിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. എന്നാൽ മറ്റുളളവരും പൊലീസുംചേർന്ന് ഇയാളെ പിടിച്ചുമാറ്റി. ഷാജിയെ വാഹനത്തിനുമുന്നിൽ നിന്ന് മാറ്റിയതോടെ സുരേഷ് ഗോപി യാത്രതു‌ടർന്നു. തുടർന്ന് ബിജെപി പ്രവർത്തകരും നേതാക്കളും ചേർന്ന് ഇയാളോട് കാര്യങ്ങൾ ചോദിച്ചുമനസിലാക്കി. കാര്യങ്ങൾ പറയുന്നതിനിടെ ഇയാൾ കരയുന്നതും ദൃശ്യങ്ങളിൽ കാണാം.

സാമ്പത്തിക സഹായം അഭ്യർത്ഥിച്ചാണ് ഇയാൾ സുരേഷ് ഗോപിയെ കാണാൻ എത്തിയതെന്നാണ് റിപ്പോർട്ട്. ഷാജിക്ക് മാനസിക പ്രശ്നമുണ്ടെന്ന സംശയവും സ്ഥലത്തുണ്ടായിരുന്ന ചിലർ പ്രകടിപ്പിച്ചു. പിന്നീട് നാട്ടുകാരും പ്രവർത്തകരും ചേർന്ന് ഓട്ടോറിക്ഷയിൽ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.