ആഴ്ചയിൽ പോക്കറ്റ് മണി 50 രൂപ മാത്രം, പണം സമ്പാദിക്കാൻ ചെയ്യുന്ന സൂത്രം വെളിപ്പെടുത്തി കുട്ടി; അഭിനന്ദിച്ച് സൂപ്പർതാരം
കുഞ്ഞുന്നാളിലെ പണം സമ്പാദിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിലൊരു കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള രുദ്ര ചിട്ടെയാണ് ആ കുട്ടി. അമിതാഭ് ബച്ചന്റെ കോൻ ബനേഗ ക്രോർപതിയിൽ കുട്ടി പങ്കെടുക്കാനെത്തിയിരുന്നു. ഹോട്ട് സീറ്റിൽ ഇരുന്നുകൊണ്ടാണ് കുട്ടി തന്റെ വരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
മാതാപിതാക്കളിൽ നിന്ന് ആഴ്ചയിൽ അമ്പത് രൂപ പോക്കറ്റ് മണിയായി കിട്ടും. എന്നാൽ സാധനങ്ങൾക്കൊക്കെ വില കൂടിയതോടെ അമ്പത് രൂപ തികയാതെ വന്നു. അതോടെയാണ് പണം സമ്പാദിക്കാനുള്ള സൂത്രം കണ്ടെത്തിയത്. വീട്ടുജോലികളിൽ സഹായിച്ച് മാതാപിതാക്കളിൽ നിന്ന് പണം ഈടാക്കുകയാണ് ചെയ്യുന്നത്.
'കഴിക്കാൻ പോയാൽ എനിക്ക് 50 രൂപയ്ക്ക് കുറച്ചേ കിട്ടുകയുള്ളൂ. കൂടുതൽ കഴിക്കണമെങ്കിൽ ഞാൻ എന്തുചെയ്യും? അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോഴെല്ലാം അദ്ദേഹത്തിന് മസാജ് ചെയ്തുകൊടുക്കുമായിരുന്നു. അന്ന് സൗജന്യമായിരുന്നു, എന്നാൽ ഇപ്പോൾ ചെറിയ തുക വാങ്ങിക്കും. പാൽ വാങ്ങാൻ കടയിൽ പോകാൻ അമ്മ ആവശ്യപ്പെട്ടാൽ, അതിനും ഞാൻ പണം ഈടാക്കുന്നു.'- എന്നായിരുന്നു കുട്ടി പറഞ്ഞത്.
ഇതുകേട്ട അമിതാബ് ബച്ചൻ ആദ്യം അമ്പരന്നു. തുടർന്ന് പോക്കറ്റ് മണി കൂട്ടാനുള്ള നല്ലൊരു ആശയമാണിതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സംഭവം വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കുട്ടിയുടെ ഭാവി ശോഭനമാണെന്നും ബിസിനസ് ചെയ്താൽ പച്ചപിടിക്കുമെന്നൊക്കെയാണ് ആളുകളുടെ കമന്റ്.