കണ്ണീർക്കടലിൽ താഴ്ന്ന് നേന്ത്റക്കായ കർഷകർ
കോലഞ്ചേരി: കർഷകരെ കണ്ണീർക്കടലിലാക്കി നേന്ത്റക്കായ വില കൂപ്പു കുത്തി. നാല് കിലോ നേന്ത്രകായ 100 രൂപയാണ് വില. മൂത്തുതുടങ്ങിയ കായയ്ക്ക് തോട്ടത്തിലെത്തി കഴിഞ്ഞ ദിവസം മൊത്ത വില പറഞ്ഞത് 18 രൂപ മുതലാണ്. മാർക്കറ്റിലെത്തിച്ചാൽ 20 രൂപ മുതലും. ഗുണനിലവാരമുള്ള കായയ്ക്ക് 22രൂപ വരെ ലഭിക്കും.
എന്നാൽ കായ ഉത്പന്നങ്ങൾക്ക് കടകളിൽ കൊള്ള വിലയാണ്. 50 രൂപ കടന്നപ്പോഴാണ് പഴം പൊരിക്ക് പന്ത്രണ്ട് രൂപയായത്. തലശേരി സ്‌പെഷ്യൽ വിഭവമായ ഉന്നക്ക 12ൽ നിന്ന് 15ലേക്കും പഴം റോസ്റ്റ് ചെറുത് 8ൽ നിന്ന് 10 ലേക്കും വലുത് 12ൽ നിന്ന് 15 രൂപയിലേക്കും ഉയർന്നു.
കായ വില കത്തിക്കയറി നിന്ന ഓണം സീസണിൽ കായ വറുത്തത് 340, കായ ഉപ്പേരി നാലു വെട്ടി നുറുക്ക് 400, ശർക്കര വരട്ടി 375 രൂപ എന്നിങ്ങനെയായി. ഓണം സീസണിനെ അപേക്ഷിച്ച് ഇപ്പോൾ കായവില പകുതിയിൽ താഴെയാണ്. എന്നിട്ടും കായവറുത്തതിന് ഒരു രൂപ പോലും കുറയ്ക്കാൻ കടയുടമകൾ തയ്യാറായിട്ടില്ല.
നിലവാരം കുറഞ്ഞ വെളിച്ചെണ്ണയിലും രണ്ടാംതരം പാമോയിലിലുമാണ് മിക്ക വഴിയോരക്കടകളിലും ഉപ്പേരി ഉണ്ടാക്കുന്നത്. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കും.
14 രൂപയ്ക്ക് കായ കിട്ടിയാൽ എല്ലാ ചെലവും കഴിഞ്ഞു കിലോയ്ക്ക് 190 രൂപയ്ക്ക് വറുത്തു നൽകിയാൽ 30ശതമാനം വരെ ലാഭം കിട്ടും. ഈ സമയത്താണ് കർഷകരെ ശരിക്കും ഇടിച്ചു പിഴിഞ്ഞു കായ വാങ്ങി വൻ വിലയ്ക്ക് ചിപ്സ് വിൽക്കുന്നത്. കർഷകനും ഉപഭോക്താവിനും ഒരാനുകൂല്യവും കിട്ടാത്ത കായ വറുക്കലിൽ വൻ ലാഭമുണ്ടാക്കുന്നത് അംഗീകാരമില്ലാതെ നടത്തുന്ന വറവു കമ്പനികളും വഴിയോര വറവുകാരുമാണ്. കായ വില കുറയുന്നത് താത്കാലിക പ്രതിഭാസമാണെന്നും അതുകൊണ്ട് വില കുറയ്ക്കാനാകില്ലെന്നുമാണ് ബേക്കറികൾക്ക് കായവറുത്തത് കൊടുക്കുന്നവർ പറയുന്നത്.