നവംബർ മൂന്നിന് പ്രാദേശിക അവധി; എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

Wednesday 22 October 2025 4:43 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാളിന്റെ ഭാഗമായി നവംബർ മൂന്ന് തിങ്കളാഴ്‌ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചു. എന്നാൽ, പൊതു പരീക്ഷകൾക്ക് ഈ ഉത്തരവ് ബാധകമല്ല.

അതേസമയം, പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ സർക്കാർതല ആലോചനായോഗം നടന്നു. പെരുന്നാളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി.

വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്‌ആർടിസിയുടെ പ്രത്യേക സർവീസുകൾ നടത്താനും പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ള വിതരണം ഉറപ്പാക്കാനും റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനും നിർദേശിച്ചു. വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. പെരുന്നാൾ ദിവസങ്ങളിൽ പ്രത്യേക പൊലീസ് കൺട്രോൾ റൂം സ്ഥാപിക്കും. ആരോഗ്യവകുപ്പ് ആംബുലൻസ് സേവനം ഒരുക്കി പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കാനും യോഗത്തിൽ തീരുമാനിച്ചു.