സിപിഎം വര്‍ഗ്ഗസംഘര്‍ഷം ഉപേക്ഷിച്ച് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് മാറി: രാജീവ് ചന്ദ്രശേഖര്‍

Wednesday 22 October 2025 7:01 PM IST

തിരുവനന്തപുരം: സി പി എം വര്‍ഗ്ഗസംഘര്‍ഷം (ക്ലാസ് വാര്‍) ഉപേക്ഷിച്ച് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് മാറിയതായും മുഖ്യമന്ത്രിയുടെ ലക്ഷ്യം വര്‍ഗീയ സംഘര്‍ഷങ്ങള്‍ മാത്രമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നുണപ്രചാരണങ്ങളിലൂടെ ജനങ്ങളെ വിഭജിക്കാനാണ് പിണറായി വിജയന്റെ ശ്രമം. ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയുടെ ഉത്തരവാദിത്വം പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കണം. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെച്ചൊഴിയണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത്. ജനങ്ങള്‍ ആവശ്യപ്പെടുന്നത് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നുമാണ്. ഇതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. നാട്ടിലെ അമ്പലങ്ങളേയും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒന്നും സര്‍ക്കാര്‍ വെറുതെ വിടുന്നില്ല.

പത്ത് വര്‍ഷത്തെ ഭരണത്തില്‍ സര്‍ക്കാര്‍ എന്തു ചെയ്തു. തൊഴില്‍, വിദ്യാഭ്യാസ, ആരോഗ്യമേഖലയില്‍ എന്തെങ്കിലും ചെയ്തു എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ കോടതി വിധിവന്നിട്ടും ഈ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഈ നാടിന്റെ സമാധാനവും മതേതരത്വവും തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നുമല്ല.

ഈ നാടിന്റെ ഭാവി തീരുമാനിക്കേണ്ടത് ദേശസ്നേഹികളായ മലയാളികളാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ തിരിച്ചടിയാവുമെന്ന് ഭയന്നാണ് പിഎംശ്രീ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ 75 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളും പ്രതിസന്ധിയിലാണെന്ന് വിദ്യാഭ്യാസമന്ത്രിപറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി, വൈസ് പ്രസിഡണ്ട് കെ സോമന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന നേതാക്കളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് സ്വീകരിച്ചു.