രാഷ്ട്രപതിക്ക് സ്‌നേഹസമ്മാനം ഒരുക്കി സെന്റ് തെരേസസ്

Thursday 23 October 2025 12:46 AM IST
സെന്റ് തെരേസാസ് കോളേജ്

രാഷ്ട്രപതി നാളെ എത്തും

കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമ്മാനിക്കാൻ അമൂല്യ സ്‌നേഹോപഹാരങ്ങൾ ഒരുക്കി എറണാകുളം സെന്റ് തെരേസാസ് കോളേജ്. വെള്ളിയാഴ്ച കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എത്തുന്ന രാഷ്ട്രപതിക്ക് രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന അഞ്ച് ഉപഹാരങ്ങളാണ് സമ്മാനിക്കുക.

കരകൗശല ഉപഹാരങ്ങളിൽ ആദ്യത്തേത് ഒഡീഷയുടെ പാരമ്പര്യ കലാരൂപമായ 'പട്ടചിത്ര"യാണ്. ഉണക്കിയ പനയോലകളിൽ പുരാണകഥകളും നാടോടിക്കഥകളും കൊത്തിയെടുത്ത്, ഓലകൾ നൂലുകൊണ്ട് തുന്നിച്ചേർത്താണ് നിർമ്മിക്കുന്നത്. സങ്കീർണമായ ചിത്രപ്പണികളുള്ള കലാരൂപം ഒഡീഷയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ്.

ഗുജറാത്തിലെ സുരേന്ദ്രനഗറിലെ 'പട്ടോള" വസ്ത്രമാണ് രണ്ടാമത്തെ ഉപഹാരം. ശുദ്ധമായ മൾബറി സിൽക്കിൽ തീർത്തതാണിത്. 'ഡബിൾ ഇക്കത്ത്" എന്ന രീതിയാണ് ഉപയോഗിക്കുന്നത്. നെയ്ത്തിന് മുൻപ് നൂലുകൾ ഓരോന്നും പ്രത്യേക അളവുകളിൽ കെട്ടി, പലതവണ ചായം മുക്കി ഉണക്കിയെടുത്താണ് നിർമ്മാണം.

പുരാതന ഇന്ത്യൻ പാരമ്പര്യ വിനോദമായ 'ബാഗ് ബക്കർ" രാഷ്ട്രപതിക്ക് സമ്മാനിക്കും. പതിനായിരക്കണക്കിന് റോസാപ്പൂവിതളുകളും കുങ്കുമപ്പൂവ്, ചന്ദനം,വെള്ളക്കസ്തൂരി എന്നിവ സംയോജിപ്പിച്ച് നിർമ്മിച്ച 'രാഗ് മൽഹാർ" എന്ന സുഗന്ധതൈലവും പ്രത്യേകം രൂപകല്പന ചെയ്ത സാരിയും സമ്മാനിക്കും.

 പ്രവേശനം ക്ഷണിക്കപ്പെട്ടവർക്ക്

പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 1,632 പേർക്കാണ് പ്രവേശനം. 839 വിദ്യാർത്ഥിനികൾ, 220 എൻ.എസ്.എസ്-എൻ.സി.സി വൊളണ്ടിയർമാർ, 225 അദ്ധ്യാപകർ, 200ലധികം വി.വി.ഐ.പികൾ എന്നിവർ ഉൾപ്പെടെയാണിത്.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, വി.എൻ. വാസവൻ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, കോളജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാളുങ്കൽ എന്നിവരും സഭാ, കോളേജ് അധികാരികളും ചടങ്ങിൽ പങ്കെടുക്കും.