'സംഗീതയോടുള്ള സ്‌നേഹമല്ല, റാഷിദിന്റെ ലക്ഷ്യം ഒന്നരക്കോടി രൂപ'; മകളുടെ വീഡിയോക്ക് മറുപടിയുമായി പിതാവ്

Wednesday 22 October 2025 9:04 PM IST

കാസര്‍കോട്: അന്യമതസ്ഥനുമായുള്ള ബന്ധത്തെത്തുടര്‍ന്ന് തന്നെ തടഞ്ഞുവച്ചിരിക്കുന്നുവെന്ന മകളുടെ ആരോപണത്തിന് മറുപടിയുമായി പിതാവ്. തന്റെ മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നല്‍കുമായിരുന്നുവെന്നും എന്നാല്‍ മകള്‍ പറഞ്ഞതല്ല വാസ്തവമെന്നും കാസര്‍കോട് ഉദുമയിലെ സിപിഎം നേതാവ് പി.വി ഭാസ്‌കരന്‍ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കുന്ന മകളുടെ ജീവിതമാണ് പ്രധാനമെന്ന് ഭാസകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പി.വി ഭാസ്‌കരന്റെ വാക്കുകള്‍: മകള്‍ക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാകുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മകളുടെ ചികിത്സയ്ക്ക് എത്തിയതാണ് റാഷിദ്. പക്ഷേ ഇയാളുടെ സമീപനം ശരിയല്ല. സ്വന്തം ഭാര്യ ഇയാള്‍ക്കെതിരെ പീഡനത്തിന് പരാതി നല്‍കിയിട്ടുണ്ട്. റാഷിദിന് മയക്കുമരുന്ന് ഇടപാടുകളുള്ളതായും സംശയമുണ്ട്. മകളുടെ ഇഷ്ടം അനുസരിച്ച് റാഷിദിനെ കുറിച്ച് അന്വേഷിക്കാന്‍ അയാളുടെ നാടായ കോട്ടപ്പുറത്ത് പോയിരുന്നു, എന്നാല്‍ നാട്ടില്‍ ആര്‍ക്കും അയാളെ കുറിച്ച് നല്ല അഭിപ്രായമില്ല.

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ല അഭിപ്രായമില്ലാത്ത ഒരാള്‍ക്കൊപ്പം എങ്ങനെ സ്വന്തം മകളെ അയക്കും? റാഷിദിനെ കുറിച്ച് അന്വേഷിക്കാന്‍ അയാളുടെ നാടായ കോട്ടപ്പുറത്ത് പോയത് ജമാഅത്ത് ഭാരവാഹികളോടൊപ്പമാണ്. അപകടത്തില്‍ പരിക്കേറ്റാണ് സംഗീതയുടെ അരയ്ക്ക് താഴേക്ക് തളര്‍ന്ന് പോയത്. ഇതിന്റെ നഷ്ടപരിഹാരമായി ഒന്നരക്കോടി രൂപ ലഭിക്കുമെന്ന് ഉത്തരവായിട്ടുണ്ട്. ഈ പണം ആണ് റാഷിദിന്റെ ലക്ഷ്യം. പണം മാത്രം ലക്ഷ്യമിട്ടാണ് ഒരു സുഹൃത്ത് വഴി ഇയാള്‍ കോടതിയെ സമീപിച്ചത്. ഇതാണ് വസ്തുത. മാദ്ധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ ശരിയല്ല.

കഴിഞ്ഞ അഞ്ച് മാസമായി താന്‍ വീട്ടുതടങ്കലിലാണെന്നും അന്യമതസ്ഥനെ സ്‌നേഹിച്ചതാണ് താന്‍ ചെയ്ത കുറ്റമെന്നും ഭാസ്‌കരന്റെ മകള്‍ സംഗീത കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങള്‍ വഴി പുറത്തുവിട്ട വീഡിയോയില്‍ ആരോപിച്ചിരുന്നു. ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് തന്റെ അച്ഛന്‍ ചെയ്യുന്നതെന്നും സംഗീത ആരോപിച്ചിരുന്നു.