ഇംഗ്ലണ്ടിനും തടയാനായില്ല, കുതിപ്പ് തുടര്‍ന്ന് ഓസീസ് വനിതകള്‍; പോയിന്റ് പട്ടികയില്‍ ഒന്നാമത്

Wednesday 22 October 2025 9:34 PM IST

ഇന്‍ഡോര്‍: വനിതാ ലോകകപ്പില്‍ തോല്‍വി അറിയാതെയുള്ള ഓസ്‌ട്രേലിയന്‍ ജൈത്രയാത്ര തുടരുന്നു. ശക്തരായ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റുകള്‍ക്കാണ് ഓസീസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് നേടിയപ്പോള്‍ 40.3 ഓവറുകളില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ആഷ്‌ലി ഗാര്‍ഡിനര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ അനബെല്‍ സതര്‍ലാന്‍ഡ് എന്നിവരാണ് ഓസീസ് ജയത്തിന് അടിത്തറയിട്ടത്. ബൗളിംഗിലും ഇരുവരും തിളങ്ങിയിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ ഫീബി ലിച്ച്ഫീല്‍ഡ് 1(2), ജോര്‍ജിയ വോള്‍ 6(7), എലീസ് പെറി 13(19) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ സ്‌കോര്‍ 24ന് മൂന്ന്. ബെത്ത് മൂണി 20(30) കൂടി മടങ്ങിയപ്പോള്‍ സ്‌കോര്‍ 68ന് നാല്. എന്നാല്‍ പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ അനബെല്‍ സതര്‍ലാന്‍ഡ് 98*(112)- ആഷ്‌ലി ഗാര്‍ഡിനര്‍ 104*(73) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ഓസ്‌ട്രേലിയയെ അനായാസ ജയത്തിലേക്ക് എത്തിച്ചു.

ഇംഗ്ലണ്ടിന് വേണ്ടി 78(105) റണ്‍സ് നേടിയ ഓപ്പണര്‍ ടാമി ബ്യൂമോണ്ട് ആണ് ടോപ് സ്‌കോറര്‍. അലീസ് ക്യാപ്‌സെ 38(32), ഷാര്‍ളി ഡീന്‍ 26(27), സോഫിയ ഡംഗ്ലെ 22(48), ഹീഥര്‍ നൈറ്റ് 20(27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആമി ജോണ്‍സ് 18(26), ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് 7(14), എമ്മാ ലാമ്പ് 7(10), ലിന്‍സെ സ്മിത്ത് 3(3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. സോഫി എക്കിള്‍സ്റ്റണ്‍ 10*(7), ലോറന്‍ ബെല്‍ 2*(2) എന്നിവര്‍ പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയക്കായി അനബെല്‍ സതര്‍ലാന്‍ഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. സോഫി മൊളിനക്‌സ്, ആഷ്‌ലി ഗാര്‍ഡനര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അലാന കിംഗ് ഒരു വിക്കറ്റ് നേടി. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം സഹിതം 11 പോയിന്റുമായി ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. നേരത്തെ തന്നെ നിലവിലെ ചാമ്പ്യന്‍മാര്‍ സെമി ഉറപ്പിച്ചിരുന്നു. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമി ബെര്‍ത്ത് ഉറപ്പിച്ചു.