ഡിജിറ്റൽ ക്രോപ് സർവേ സംസ്ഥാന വ്യാപകമാക്കും

Thursday 23 October 2025 1:45 AM IST

പാലക്കാട്: ഡിജിറ്റൽ ക്രോപ് സർവേ സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്. കർഷകരുടെ ഡിജിറ്റൽ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സർവ്വേ നടത്തി വിവരശേഖരണം നടത്തുന്ന പ്രവർത്തനമാണ് ഡിജിറ്റൽ ക്രോപ് സർവേ. തിരഞ്ഞെടുക്കപ്പെട്ട ക്രോപ് സർവ്വേയർമാർ പ്ലോട്ടുകൾ സന്ദർശിച്ച് ഓരോ ഭൂവുടമയുടെയും കൃഷി വിവരങ്ങൾ രേഖപ്പെടുത്തും. കൃഷിയിടത്തിന്റെ ജിയോടാഗ് ചിത്രങ്ങൾ പകർത്തി ഏറ്റവും കാര്യക്ഷമമായ വിവര ശേഖരണം സാധ്യമാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഓരോ സർവ്വേ നമ്പറിലും ഉള്ള ഭൂമി കൃഷി ഭൂമിയാണോ, തരിശു ഭൂമി ആണോ കാർഷികേതര ഭൂമി ആണോ, ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നു തുടങ്ങി സമഗ്ര വിവരങ്ങൾ ശേഖരിക്കും. കൃഷിയിറക്കിയ തീയതി, ജലസേചന രീതി എന്നിവയും മൊബൈൽ ആപ്പ് ഉപയോഗിച്ച് ശേഖരിക്കും. ജിയോഫെൻസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർവ്വേ നടപ്പാക്കുന്നത് എന്നതിനാൽ അതതു സർവ്വേ പ്ലോട്ടുകളിൽ നിന്നുകൊണ്ട് മാത്രമേ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതോടൊപ്പം കാർഷിക വിളകളുടെ ജിയോ ടാഗ് ചെയ്ത ഫോട്ടോഗ്രാഫ് അവയുടെ കൃത്യമായ സ്ഥാന നിർണയം നടത്തുന്നതിനും സ്ഥലപരിശോധനകൾ പോലുള്ള ഭാവി ആവശ്യങ്ങൾക്കായും ശേഖരിക്കുന്നു. ഒരു വർഷത്തിൽ ഖാരിഫ്, റാബി എന്നിങ്ങനെ രണ്ട് സീസണുകളിലാണ് നിലവിൽ സർവ്വേ നടത്തുന്നത്. പ്രധാനമന്ത്രി ഫസൽ ബീമാ യോജന, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, കാർഷിക ലോണുകൾ തുടങ്ങിയ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും, ഫീൽഡ് പരിശോധന കൂടാതെ തന്നെ കിസാൻ ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാനും, കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, മൂല്യവർദ്ധനവ്, വിപണനം, കയറ്റുമതി എന്നിവ ഫലപ്രദമായി നടപ്പിലാക്കാനും ഈ ഡാറ്റാബേസ് സഹായിക്കും. ഇതുവഴി കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകും. പദ്ധതി കേരളത്തിന്റെ കാർഷിക മേഖലയിലെ വിവരശേഖരണത്തിനൊപ്പം പുതിയ പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കുവാനും വകുപ്പിനെ പ്രാപ്തമാക്കും.