സൂരജ് ലാമയുടെ തിരോധാനം: കേന്ദ്രത്തിന്റെ വിശദീകരണം തേടി
കൊച്ചി: മദ്യദുരന്തത്തിൽ ഓർമ്മനഷ്ടപ്പെട്ട ബംഗളൂരു സ്വദേശിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. കുവൈറ്റ് മദ്യദുരന്തത്തിൽ ഓർമ്മനഷ്ടമായ സൂരജ് ലാമയെ (59) കണ്ടെത്താനാണ് മകൻ സാന്റോൺ ലാമ ഹൈക്കോടതിയെ സമീപിച്ചത്. സൂരജ് ലാമയെ എങ്ങനെ ഇന്ത്യയിലേക്ക് മടക്കിവിട്ടതെന്ന് അറിയിക്കാൻ കേന്ദ്ര ആഭ്യരന്തമന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു. സൂരജ് ലാമയ്‌ക്കായുള്ള അന്വേഷണം ഊർജിതമാക്കാൻ പൊലീസിനും നിർദ്ദേശം നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒക്ടോബർ അഞ്ചിനാണ് ബന്ധുക്കളെ വിവരമറിയിക്കാതെ കുവൈറ്റിൽ നിന്ന് സൂരജ് ലാമയെ കൊച്ചിയിലേക്ക് നാടുകടത്തിയത്. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ സൂരജിനെ തൃക്കാക്കര പൊലീസ് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.